റിയാദ്: സൗദി അറേബ്യയിലേക്ക് സന്ദർശക വിസയിലെത്തുന്നവരുടെ ഫീസിലും രാജ്യത്ത് തുടരുന്ന കാലയളവിനെക്കുറിച്ചുമുളള അഭ്യൂഹങ്ങളിൽ അവ്യക്തത നീങ്ങിയതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. 90 ദിവസം രാജ്യത്ത് തങ്ങാവുന്ന രീതിയിൽ ഇനി സിംഗിൾ എൻട്രി വിസ ലഭിക്കില്ല. പുതിയ തീരുമാനം അനുസരിച്ച് 30 ദിവസത്തേക്കാണ് സിംഗിൾ എൻട്രി വിസ നൽകുക. 305 സൗദി റിയാലായിരിക്കും (5650 ഇന്ത്യൻ രൂപ) സൗദി കോൺസുലേറ്റ് ഇതിനായി ഈടാക്കുക. ഇതിനൊപ്പം ഇൻഷുറൻസും സർവീസ് ഫീസും നൽകേണ്ടി വരും.

സിംഗിൾ എൻട്രി വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ സൗദിയിൽ എത്തുന്ന ദിവസം മുതൽ 30 ദിവസത്തിനകം രാജ്യം വിടണം. അല്ലെങ്കിൽ കാലാവധി കഴിയും മുമ്പ് ഇൻഷുറൻസും വിസയും പുതുക്കണം. ഓരോ മാസത്തേക്ക് വിസ പുതുക്കി നൽകും. അതേസമയം, 90 ദിവസം സൗദിയിൽ തങ്ങാൻ മൾട്ടിപ്പിൾ റീ എൻട്രി വിസ ലഭ്യമാണ്. ഇതിനും കോൺസുലേറ്റിൽ അടക്കേണ്ട തുക 305 സൗദി റിയാലാണ്. ഇൻഷുറൻസ് തുക ഒരു മാസത്തേക്ക് എന്നതിന് പകരം ഒരു വർഷത്തേക്ക് നൽകേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണുള്ളത്.

മൂന്ന് വർഷം മുമ്പാണ് സ്റ്റാമ്പിങ്ങിനുള്ള 300 റിയാൽ ഒറ്റയടിക്ക് 2000 റിയാലായി ഉയർത്തിയത്. പിന്നീട് ഈ നിയമത്തിൽ ഭേദഗതി വരുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് 305 റിയാലായി കുറച്ചു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും 305 സൗദി റിയാൽ വിസ ഫീസായി ഏകീകരിച്ചിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook