റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് പ്രത്യേക ഇഖാമ നൽകുന്നതിന് മന്ത്രിസഭ അനുമതി നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അസലാം കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രത്യേക ഇഖാമ അനുവദിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. പുതിയ പദ്ധതി നടപ്പാക്കാൻ പ്രിവിലേജ് ഇഖാമ സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം ആരംഭിക്കും.

രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദേശികൾക്ക് ഇഖാമ നൽകുന്നതിന് നടപ്പാക്കേണ്ട നിബന്ധനകളും ഈടാക്കേണ്ട ഫീസും പ്രത്യേക മന്ത്രിസഭാ ഉപസമിതിയുമായി കൂടിയാലോചിച്ച് നടപ്പിലാകും. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. പ്രത്യേക ഇഖാമ നൽകുന്ന എന്ന വാർത്ത പുറത്തു വന്നതോടെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ. സ്പോൺസറില്ലാതെ സ്വതന്ത്രമായി രാജ്യത്ത് തങ്ങാനും മുതൽ മുടക്കാനും കഴിയും എന്നതാണ് പ്രത്യേക ഇഖാമ കൊണ്ടുള്ള പ്രധാന പ്രയോജനം.

സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇഖാമ സംബന്ധിച്ച നിർണായക തീരുമാനം സൗദി അറേബ്യ കൈകൊണ്ടത്. ഷൗറ കൗൺസിൽ നേരത്തെ പാസാക്കിയ പ്രത്യേക ഇഖാമ നിയമത്തിന് ക്യാബിനറ്റ് അംഗീകരം നൽകുകയായിരുന്നു.

ക്യാബിനറ്റ് തീരുമാനം പ്രകാരം അടുത്ത 90 ദിവസത്തിനുള്ളിൽ പ്രത്യേക ഇഖാമ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സർവീസ് സെന്ററുകൾ ആരംഭിക്കും. എന്നാൽ ഇതിനായുള്ള ഫീസ് എത്രയാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. പ്രത്യേക ഇഖാമ പ്രകാരം ഫാമിലി സ്റ്റാറ്റസും ഉണ്ടാകും. അംഗീകൃത പാസ്പോർട്ടും, മതിയായ സാമ്പത്തിക സ്ഥിതിയും ഉള്ളവർക്ക് പ്രത്യേക ഇഖാമ കിട്ടുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ അപേക്ഷിക്കുന്നവർക്ക് 21 വയസ് പൂർത്തിയായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook