റിയാദ്: സൗദി സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. നേരിട്ടെത്തി വിരലടയാളം നൽകുന്നതും വിസക്ക് കാലതാമസം എടുക്കുന്നതും ഉൾപ്പടെ നിരവധി നൂലാമാലകളുണ്ടായിരുന്നതിനാൽ സൗദികൾ ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കിയിരുന്നു. ഇ-വിസ വന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രകൾ വീണ്ടും സജീവമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢപ്പെടുന്നതിനും പുതിയ നിയമം കാരണമാകും. ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് നിലവിൽ വിസ അനുവദിക്കുന്നത്. നാല് മാസത്തിനിടയിൽ രണ്ട് തവണ പോയി വരാനുള്ള വിസയാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഇ-വിസ ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ആണെന്നുള്ളതും ഏറെ സൗകര്യപ്രദമാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനമായ //indianvisaonline.gov.in/evisa/tvoa.html വഴി അപേക്ഷിച്ചാൽ വിസ ലഭ്യമാകും. പാസ്‌പോർട്ടും ഫോട്ടോയും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ബിസിനസ് വിസയാണെങ്കിൽ സ്ഥാപനത്തിന്റെ പേരിലുള്ള ബിസിനസ് കാർഡും ഇതോടൊപ്പം സമർപ്പിക്കണം. കഴിഞ്ഞ ഫെബ്രുവരിയിൽ റിയാദിലെത്തിയ ഇന്ത്യൻ ടൂറിസം ഡയറക്ടർ ജനറൽ സത്യജിത് രാജൻ അംബാസഡറുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ, സൗദികൾ നേരിട്ടെത്തി വിരലടയാളം നൽകുന്നതും വിസക്ക് കാലതാമസം എടുക്കുന്നതും സൗദികളിൽ മടുപ്പുണ്ടാക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ഇന്ത്യയിലേക്കുള്ള യാത്ര പലരും ഉപേക്ഷിക്കുന്നതായും ഐടിഎൽ ട്രാവൽ ഗ്രൂപ്പ് പ്രതിനിധി ഷകീബ് കൊളക്കാടൻ ചൂണ്ടിക്കാണിച്ചിരുന്നു.

ഇ-വിസ സജീവ പരിഗണനയിലാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇത് സംബന്ധിച്ച ധാരണയുണ്ടാക്കാൻ സാധ്യതയുള്ളതായി അദ്ദേഹം മറുപടി നൽകിയിരുന്നു. സൗദികൾക്ക് ഇ-വിസ അനുവദിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ടുറിസം രംഗത്തുള്ളവർ സ്വാഗതം ചെയ്തു. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, മെഡിക്കൽ, വ്യാപാരം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് ആളുകൾ യാത്ര ചെയ്യുന്നുണ്ട്. വിസ ഓൺലൈൻ ആയി ലഭിച്ചു തുടങ്ങുന്നതോടെ വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് സൗദിയിൽ നിന്നുള്ള യാത്രക്കാരിൽ വൻവർധനയാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ 166 രാജ്യങ്ങൾക്കാണ് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസ സൗകര്യമുള്ളത്. ജിസിസി രാജ്യങ്ങളിൽ യുഎഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇ-വിസ ലഭ്യമാകുന്നത്. ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാർ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേനയാണ് വിസ എടുത്തിരുന്നത്. ഇന്ത്യൻ വിസ ലഭിക്കാൻ വിരലടയാളം രേഖപ്പെടുത്തൽ നിർബന്ധമാക്കിയതോടെ സൗദി അറേബ്യയിലെ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് വിസ അപേക്ഷ സമർപ്പിക്കാൻ ഒട്ടേറെ വിഷമം നേരിട്ടിരുന്നു. ഇതിനെല്ലാം പരിഹാരമാണ് ഇ -വിസ.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook