റിയാദ്: സൗദി അറേബ്യയുടെ എൺപത്തി ഏഴാമത് ദേശീയ ദിനം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. കുട്ടികളും മുതിർന്നവരും സ്വദേശികളും വിദേശികളും ഉൾപ്പടെ രാജ്യം ഉത്സവ ലഹരിയിലാണ്. ഇന്ന് മുതൽ ആരംഭിക്കുന്ന വാരാന്ത്യ അവധിയോടെ ആഘോഷങ്ങൾക്ക് തിരശീല ഉയരും. ദമാം, കോബാർ, ജുബൈൽ, മദീന, അബഹ, നജ്‌റാൻ, ജിസാൻ, ഹഫർ ബാതിന്, ഉനൈസ, സകാക,ദരിയ്യ, ഹയിൽ, തബൂക്, യാമ്പു, തുടങ്ങി സൗദി അറേബ്യയിലെ പതിനേഴ് ഗവർണറേറ്റുകളിൽ നഗരസഭകൾ നേരിട്ട് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ മാളുകൾ, സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി നാനാ മേഖലകളിലും വിവിധയിനം ആഘോഷങ്ങളുണ്ടാകും.

ആകാശത്ത് വർണ വിസ്മയം തീര്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, സംഗീത നിശകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. സൗദി അറേബ്യയിലെ പൈതൃക നഗരമായ ദിരിയ്യയിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 11 വരെയുണ്ടാകും. സെപ്റ്റംബർ 23 ഞായറാഴ്ച വരെ പരിപാടികൾ തുടരും. സൗദി അറേബ്യയുടെ ചരിത്രവും ശ്രദ്ധേയമായ നേട്ടങ്ങളും ഉയർത്തിക്കാണിക്കുന്ന പരിപാടികളും, പ്രധനമായും സൗദി അറേബ്യയിലെ നാടൻ നൃത്തമായ (അർദ) എട്ടിലധികം വേദികളിൽ അരങ്ങേറും. ദരിയ്യയിലെ വാദി ഹനീഫയിൽ വൈകിട്ട് 4.30 മുതൽ സൈക്കിൾ മാരത്തോൺ, വെള്ളി മുതൽ തിങ്കൾ വരെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ, ഞായർ തിങ്കൾ ദിവസങ്ങളിൽ കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 9 മണിക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അറേബ്യൻ ഉപ ദ്വീപിന്റെ ചരിത്രത്തിലൂടെ സംഗീത നൃത്താവിഷ്കാരം, ദരിയ്യയിൽ ഞായറാഴ്ച രാത്രി 9.15 മുതൽ 9.45 വരെ വെടിക്കെട്ട്. ഞായറാഴ്ച രാത്രി 8 മുതൽ 12 വരെ പ്രതേക പരിപാടി സർപ്രൈസ് ബോക്സ്. നൂറുകണക്കിന് സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ചെറുതും വലുതുമായി ഒട്ടനവധി സമ്മാനങ്ങളാണ് വിതരണം ചെയ്യുക.

തലസ്ഥാന നഗരിയുടെ നഗര മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന കിങ്‌ഡം ടവർ പച്ചയണിയും. അത്യാധുനിക വിദ്യ ഉപയോഗിച്ചുള്ള കണ്ണഞ്ചിപ്പിക്കുന്ന ലേസർ എച്ച്ഡി പ്രദർശനങ്ങൾക്കും ഗോപുരം സാക്ഷിയാകും. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കിങ് അബ്ദുള്ള റോഡിലെ റിയാദ് അന്തരാഷ്ട്ര പ്രദർശന ഹാളിൽ രക്തസാക്ഷികളുടെ കുടുംബങ്ങളെ പ്രത്യേക അതിഥികളായി ക്ഷണിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടികൾ. നഗരത്തിലെ പ്രധാന തെരുവായ തഹ്‌ലിയ സ്ട്രീറ്റിൽ ഇരുപത്തി അയ്യായിരം പേർക്ക് ഒരേ സമയം വീക്ഷിക്കാവുന്ന രീതിയിൽ പരേഡും ഫാഷൻ ഷോയും നടക്കും. ഇതിന് പുറമെ നഗര സഭയുടെ കീഴിൽ പ്രധാന വേദികളില്ലെല്ലാം സംഗീത പരിപാടികൾ, അർദ, കുട്ടികൾക്കായി പ്രസംഗം, കവിത ചൊല്ലൽ, ചിത്ര രചന തുടങ്ങിയ പരിപാടികളും. ഷോപ്പിങ് മാളുകളിലും, പ്രമുഖ ഫുഡ് കമ്പനികളിലും ഉത്പന്നങ്ങൾക്ക് മികച്ച വിലക്കുറവ് നൽകുന്നുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും കുറഞ്ഞ നിരക്കിൽ ആരോഗ്യ പരിശോധനാ പാക്കേജുകളും സൗജന്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ദിന പരിപാടികൾ നടക്കുന്ന പ്രധാന വേദികളില്ലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ