റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ഞായറാഴ്ച അർദ്ധരാത്രിയാണ് മിസൈൽ ആക്രമണം നടന്നത്. യെമനിൽ നിന്ന് റിയാദിനെ ലക്ഷ്യമാക്കി മൂന്ന് മിസൈലുകളും ജിസാനിലേക്ക് രണ്ടും ഖമീസ് മുശൈത്, നജ്റാൻ എന്നിവിടങ്ങളിലേക്ക് ഒന്ന് വീതവുമാണ് മിസൈൽ ആക്രമണം ഉണ്ടായത്.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തന്നെ സൗദി വ്യോമ സുരക്ഷാ സേനയുടെ ആന്റി ബാലിസ്റ്റിക് മിസൈൽ സിസ്റ്റം ആക്രമണത്തെ ഫലപ്രദമായി ചെറുത്തതായി അറബ് സഖ്യസേനയുടെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് സൗദിയുടെ അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ജനവാസ പ്രദേശത്തേക്കാണ് മിസൈൽ ലക്ഷ്യമിട്ടതെന്നും തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഈജിപ്ത് പൗരൻ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ചാനൽ റിപ്പോർട്ട് ചെയ്തു. അതേസമയം, റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ വൻ സ്ഫോടനത്തോടെ ആകാശത്തുവച്ചുതന്നെ തകർത്ത വീഡിയോ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധത്തിലേർപ്പെട്ട് വരികയാണ്. 2015 മാർച്ച് മുതൽ നിരവധി തവണ ഹൂതി വിമതർ സൗദിയെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബർ നാലിന് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ ആക്രമണവും വ്യോമ സുരക്ഷാസേന തകർത്തിരുന്നു. ഹൂതികൾക്ക് മിസൈൽ നൽകുന്നത് ഇറാനാണെന്നതിന്റെ തെളിവുകൾ യുഎൻ സെക്യൂരിറ്റി കൗൺസിൽ നിയോഗിച്ച പാനൽ ഐക്യരാഷ്ട്രസഭക്ക് കൈമാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ