റിയാദ്: മിഷാൽ അഷിമിംറി നാസയിലെ ഏക സൗദി വനിതാ സാന്നിധ്യമാണ്. സൗദിയിലെ കാർഷിക ഗ്രാമമായ ഉനൈസയിലെ മരുഭൂമിയിൽ പൊൻതാരകങ്ങളെ നോക്കിയിരുന്ന ആറു വയസ്സുകാരി സൗരയൂധത്തിന് പുറത്ത് ഭൗമസമാനമായ ഗ്രഹങ്ങൾ തേടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ -നാസയുടെ പ്രയാണത്തിന്റെ ഭാഗമാണിന്ന്.

സൗദി അറേബ്യയിൽ നിന്നും നാസയിലെത്തിയ ആദ്യ വനിതയായ മിഷാലിനെയും ഉന്നത പദവിയിലെത്താൻ മിഷേലിനെ പ്രേരിപ്പിച്ച സൗദി സാംസ് കാരിക വിവര വിനിമയ മന്ത്രാലയത്തെയും അഭിനന്ദിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് ട്വീറ്റ് ചെയ്തതോടെയാണ് മിഷാൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെടുന്നത്. “വനിതകൾക്ക് മാതൃകയാണ് മിഷാൽ” എന്നായിരുന്നു ട്വീറ്റ്. ഫ്ലോറിഡയിലെ ഫ്ലോറിയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് അതെ സ്ഥാപനത്തിൽ നിന്ന് ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. പഠനത്തിനിടെ നിരവധി പദ്ധതികളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. അംഗീകാരങ്ങൾ ഏറെ വാരിക്കൂട്ടി. തുടർന്ന് റേതൈൻ മിസൈൽ സിസ്റ്റത്തിൽ സിസ്റ്റം എഞ്ചിനീയറായി.

2010 ൽ സ്വന്തമായി മിഷാൽ ഏറോസ്പേസ് എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. കമ്പനിയുടെ ചീഫ് എക്സിക്റ്റീവ് ഓഫിസറും പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു. നാസയിൽ അംഗമായി രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും അഭിമാനമായ മിഷാലിനെ അഭിനന്ദിക്കാനും ആശംസകൾ അറിയിക്കാനും സാമൂഹ്യ മാധ്യമങ്ങളിൽ സൗദി വനിതകളും പുരുഷന്മാരും ഒരു പോലെ മത്സരിക്കുകയാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook