റിയാദ്: മൂന്ന് മാസത്തോളം നീണ്ട സ്കൂൾ അവധിക്കാലവും പെരുന്നാളിന്റെ അവധിയും അവസാനിച്ചതോടെ സൗദി വിപണി വീണ്ടും സജീവമായി. സെപ്റ്റംബർ രണ്ട് മുതൽ സ്കൂളുകൾ തുറക്കും. അറബ് മദ്രസകളും സെപ്റ്റംബർ രണ്ട് ഞായറാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.

സ്‌കൂൾ അവധിയിൽ നാട്ടിലേക്ക് മടങ്ങിയ കുടുംബങ്ങൾ പകുതിയിലേറും തിരിച്ചെത്തി. ഇതോടെ സ്‌കൂൾ ആവശ്യങ്ങൾക്കുള്ള യൂണിഫോം, പുസ്തകങ്ങൾ തുടങ്ങിയ സാധനങ്ങൾക്കായുള്ള തിരക്കുകൾ തുടങ്ങി. സന്ദർശക വിസയുടെ സ്റ്റാമ്പിങ് ഫീസ് കുറച്ചതോടെ ഇന്ത്യയിൽ നിന്ന് സന്ദർശക വിസയിൽ ധാരാളം കുടുംബങ്ങൾ സൗദിയിലേക്കെത്തുന്നുണ്ട്.

കേരളത്തിലെ പ്രളയവും അതുമൂലമുണ്ടായ പ്രശ്നങ്ങളും തിരിച്ചു വരവിനെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിലാകും വ്യക്തമാകുക.

ഇത് റീട്ടെയിൽ വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ലെവിയും മറ്റ് സാമ്പത്തിക-തൊഴിൽ പ്രതിസന്ധിയും കാരണം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയവരും കുറവല്ല. സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചാലേ എത്രത്തോളം കുടുംബങ്ങൾ മടങ്ങി വരാത്തവരായിട്ടുണ്ടെന്ന കൃത്യമായ കണക്കുകൾ ലഭ്യമാകൂ.

നേരിയ രീതിയിൽ വിപണിയിലുണ്ടായ ചലനം നില നിൽക്കുമോ എന്ന കാര്യത്തിൽ കച്ചവടക്കാർക്ക് ആശങ്കയുണ്ട്. സെപ്റ്റംബർ 11 മുതൽ സ്വദേശി വത്കരണം ശക്തമാകുന്നതോടെ റീട്ടെയിൽ വിപണി വീണ്ടും താഴേക്ക് പോകുമെന്ന് ചിലർ വിലയിരുത്തുന്നു. സാധാരണക്കാരുടെ കൊടുക്കൽ വാങ്ങൽ നടക്കുന്ന പതിനൊന്ന് മേഖലയിലാണ് എഴുപത് ശതമാനം സ്വദേശിവത്കരണം എന്നതാണ് വലിയ തിരിച്ചടി.

നിലവിൽ വിപണിയിൽ കാര്യമായ ചലനം ഉണ്ടെങ്കിലും ഈ വർഷം അവസാനത്തോടെ മാത്രമേ അത് സ്ഥിരപ്പെടുമോ എന്ന കാര്യത്തിൽ സ്ഥിരതയുണ്ടാകൂ എന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook