റിയാദ്: സൗദി അറേബ്യയിൽ ഇത് മധുര മാമ്പഴക്കാലം. കാണാൻ പൂത്ത് നിൽക്കുന്ന മാവുകളോ, ആസ്വദിക്കാൻ മാമ്പൂവിന്റെ മണമോ ഇല്ലെങ്കിലും നഗരങ്ങളിൽ മാമ്പഴം സുലഭമായി ലഭിക്കുന്നുണ്ട്. റിയാദിലെ പ്രധാന സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴ കച്ചവടം പൊടി പൊടിക്കുന്നുണ്ട്. പലയിടത്തും മാമ്പഴ മേളകൾ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഇത്തരം മേളകളാണ് മാമ്പഴക്കാലത്തിന്റെ പ്രതീതിയുണർത്തുന്നത്.

അറബിയും അനറബിയുമായ മാമ്പഴങ്ങളാൽ സുലഭമാണ് സൗദി മാർക്കറ്റുകൾ. റോഡരികിലും, തുറന്ന ചന്തകളിലും, പള്ളികളുടെ അങ്കണത്തിലും സ്വദേശികളും വിദേശികളും കച്ചവട രംഗത്ത് സജീവമാണ്. പ്രധാനമായും ഇന്ത്യൻ മാമ്പഴത്തിനാണ് ആവശ്യക്കാരേറെ. പാക്കിസ്ഥാൻ, സുഡാൻ, ഈജിപ്ത്, യമൻ, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മാമ്പഴം പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഒരു വർഷം 31000ത്തോളം ടൺ മാമ്പഴം സൗദി അറേബ്യയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, യമൻ എന്നെ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ.

ഇന്ത്യയിലെ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന അൽഫോൺസോയാണ് കൂടുതലായി വാങ്ങുന്നതും വിൽപന നടക്കുന്നതെന്ന് റിയാദിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലെ പർച്ചേസ്, സെയിൽസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ബദാമി, കേസരി, മൽഗോവ, മല്ലിക, സിന്ദൂരം, രാജപുരി, നീലഗിരി അപ്പൂസ്, തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളും, ഹൈദി, തൈമൂർ തുടങ്ങി യമൻ മാമ്പഴങ്ങൾക്കും ആവശ്യക്കാരുണ്ട്. ദക്ഷിണ സൗദി അറേബ്യയിലെ ജിസാനിലാണ് സൗദി അറേബ്യയിൽ മാമ്പഴം കൃഷി ചെയ്യുന്നത്. 1982 മുതലാണ് ജിസാനിലെ പരമ്പരാഗത കൃഷിക്കാർ മാമ്പഴ കൃഷി ആരംഭിച്ചത്. എല്ലാ വർഷവും ജിസാനിൽ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാമ്പഴമേളകൾ സംഘടിപ്പിക്കാറുണ്ട്.

മാമ്പഴം ഉൾപ്പടെയുള്ള പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യാൻ ജിസാനിൽ കൃഷി വകുപ്പ് വലിയ രീതിയിലുള്ള പ്രോത്സാഹനങ്ങളാണ് നൽകുന്നത്. ഇതിനായി സർക്കാർ മേൽനോട്ടത്തിൽ പദ്ധതികളും, കാർഷിക ലോണുകളും നൽകുന്നുണ്ട്. സൗദിയിലെ കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള ഒറ്റമൂലി കൂടിയാണ് മാമ്പഴം. ദാഹം മാറ്റാൻ വെള്ളവും വിശപ്പകറ്റാൻ കാമ്പും, ക്ഷീണം മാറ്റാൻ ഗ്ലൂക്കോസും, ദഹന പ്രക്രിയക്ക് നാരുമുള്ള പ്രകൃതിയുടെ ഔഷധം. കിലോക്ക് നാല് സൗദി റിയാൽ മുതൽ മാമ്പഴം ലഭ്യമാണ്. ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച മാമ്പഴങ്ങളും മാർകെറ്റിൽ ലഭ്യമാണ്. കിലോക്ക് നൂറ് റിയാലിന് മുകളിലാണ് ഇതിന് വില. റമസാൻ മാസം വരുന്നതോടെ മാമ്പഴത്തിന് ആവശ്യക്കാർ വർധിക്കും. ഇത് നേരിയ തോതിൽ വില ഉയരാൻ കാരണമാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook