റിയാദ്: തിരിച്ചറിയാത്തതിനെ തുടർന്ന് സൗദിയിലെ ബിഷയിൽ മൂന്നുമാസമായി മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം കബറടക്കി. ബിഷയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം, തട്ടത്തുമല, ചാറയം, പാലക്കുഴി ചരുവിള പുത്തൻ വീട്ടിൽ നിസാം മുഹമ്മദ് ബഷീറിന്റെ മൃതദേഹം സാമൂഹ്യപ്രവർത്തകർ ഇടപെട്ട് കബറടക്കുകയായിരുന്നു. നിസാം സാധനങ്ങളുമായി കച്ചവടത്തിന് പോകവേയായിരുന്നു അപകടം ഉണ്ടായത്.

ഹഫർ അൽ ബാത്തിനിൽ സ്വന്തം നിലക്ക് കച്ചവടം നടത്തി വരികയായിരുന്നു. കച്ചവടത്തിൽ ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടർന്ന് മാസങ്ങളായി ആരുമായും ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് അപകടവിവരം പുറത്തറിയാൻ വൈകിയത്. അപകടം നടക്കുമ്പോൾ സ്പോൺസറും സ്ഥലത്തില്ലായിരുന്നു. രണ്ടാഴ്ച മുൻപ് സ്പോൺസർ മടങ്ങി വന്നതിന് ശേഷമാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് ബിഷയിലെ സാമൂഹ്യപ്രവർത്തകനായ നാസർ മാങ്കാവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

ജിദ്ദ ബിഷ റോഡിൽ ജൂലൈ മൂന്നിന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം. ജൂലൈ 22 ന് ബിഷയിലെ കിങ് അബ്ദുള്ള ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയത്. ലത്തീഫ ബീവിയാണ് മാതാവ്. ഭാര്യ ഷൈമ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ