റിയാദ്: കോവിഡ് ദുരിതകാലത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ലോകത്തിനു മാതൃകയായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ സൗദിയിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കിയതു പതിനായിരക്കണക്കിനു പേര്‍ക്കാണ് ഉപകാരപ്പെട്ടത്.
വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പടെ ലക്ഷക്കണക്കിനു രൂപ ചെലവ് വരുന്ന ചികിത്സ സൗകര്യങ്ങള്‍ ലഭിച്ച് ജീവിതത്തിലേക്കു മടങ്ങിവന്നത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ്. പഞ്ചനക്ഷത്ര സൗകര്യത്തിലുള്ള ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണു പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നല്‍കിയത്.
Also Read: വിമാന സര്‍വീസ്: സൗദി തീരുമാനത്തില്‍ പ്രതീക്ഷയോടെ പ്രവാസികള്‍
പ്രതിദിനം അമ്പതിനായിരത്തോളം പേരാണു സൗജന്യ കോവിഡ് പരിശോധനാ സേവനം ഉപയോഗപ്പെടുത്തുന്നത്. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യ പരിശോധനയ്ക്ക് അവസരമുണ്ട്. സൗദിയിലാകെ 60 ലക്ഷത്തോളം പരിശോധനയാണ് ഇതുവരെ നടന്നത്.
മുഴുവന്‍ വിദേശികളുടെയും താമസരേഖ മൂന്നു മാസത്തേക്കു സൗജന്യമായി പുതുക്കി നല്‍കി. ഏകദേശം അമ്പതിനായിരം രൂപ ചെലവ് വരുന്നതാണിത്. അവധിക്കുപോയി നാട്ടില്‍ കുടുങ്ങിയ വിദേശികളുടെ വിസാ കാലാവധിയും സൗജന്യമായി നീട്ടി നല്‍കി. ഈ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ എന്ന തോതില്‍ അടച്ച് വിസ പുതുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Read Also: ചൈനയുടെ കോവിഡ് വാക്‌സിന്‍: ദുബായ് മലയാളിക്ക് ആന്റിബോഡി രൂപപ്പെട്ടു
സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനും വരുമാന, മൂല്യവര്‍ധിത നികുതികള്‍ ഒടുക്കാനും സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഴുവന്‍ സ്വദേശി ജീവനക്കാര്‍ക്കും 60 ശതമാനം വരെ ശമ്പളം സര്‍ക്കാര്‍ നല്‍കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായും ജനുവരി മുതല്‍ പൂര്‍ണമായും സൗദിയിലേക്കു പ്രവേശിക്കാനും പുറത്തേക്കുപോകാനും കഴിയും.