റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച പ്രഖ്യാപിച്ച പൊതുമാപ്പ് നിയമംലംഘകരായി രാജ്യത്ത് തുടരുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശികളിൽ വലിയ ആശ്വാസമാണുണ്ടാക്കിയത്. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരനാണ് ഏറെ ഉപകാരപ്രദമായ വാർത്ത അറിയിച്ചത്. ലക്ഷക്കണക്കിന് വിദേശികളാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്നത്. ഇതിൽ ഇന്ത്യക്കാരും വിശിഷ്യാ മലയാളികളും കുറവല്ല. എന്നാൽ എത്ര ഇന്ത്യക്കാർ രാജ്യത്ത് അനധികൃതമായി തങ്ങുന്നുണ്ട് എന്ന കൃത്യമായ കണക്കില്ല. കാലാവധി കഴിഞ്ഞിട്ടും താമസ രേഖ പുതുക്കാൻ കഴിയാതെ കുടുങ്ങിയവരും സന്ദർശക വിസയിലെത്തി സമയത്തിന് മുമ്പ് നാട്ടിൽ പോകാതെ നിയമ കുരുക്കിൽ പെട്ടവരും ഇന്ത്യൻ എംബസ്സിയുടെ മാർഗ്ഗ നിർദേശത്തിനായി കാതോർക്കുകയാണ്.

എംബസ്സിയുടെ നിർദേശം വന്നാൽ പരമാവധി നിയമ ലംഘകരെ നാട്ടിലെത്തിക്കാനുള്ള താറെടുപ്പിലാണ് മലയാളികളായ സാമൂഹ്യ പ്രവർത്തകരും സംഘടനകളും. അറിഞ്ഞും അറിയാതെയും നിയമക്കുരുക്കിൽ പെട്ടവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരം അനുവദിച്ച രാജാവിനും രാജ്യത്തിനും ആശംസയും അഭിനന്ദനവും പ്രാർത്ഥനയും അറിയിച്ച് സോഷ്യൽ മീഡിയ സന്ദേശങ്ങൾ ഒഴുകിത്തുടങ്ങി. വിവിധ കാരണങ്ങളാൽ നിയപരമായി രാജ്യത്ത് തങ്ങുന്ന വിദേശികൾ പെരുകിയതാണ് “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ ക്യാംപയിൻ ആരംഭിക്കാനുള്ള പ്രധാന കാരണം.

Read More: ‘നിയമ ലംഘകരില്ലാത്ത രാജ്യം’; സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ മൂന്ന് മാസം കാലവധി

ഉംറ വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, ഇഖാമയില്ലാത്തവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ തുടങ്ങി അനധികൃതമായി സൗദി അറേബ്യയിൽ തുടരുന്ന വിദേശികള്‍ക്ക് ഈ മൂന്ന് മാസക്കാലയളവില്‍ തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാനുളള സുവർണാവസരമാണ് ഒരുങ്ങുന്നത്. അതേസമയം, ക്രിമിനല്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികൾക്ക് പുതിയ വീസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ നിയമ തടസ്സമുണ്ടാകില്ല എന്ന പ്രതേകത കൂടിയുണ്ട്.

കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃതക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കും. മാർച്ച് 29 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക. റമസാൻ അവസാനം വരെയാണ് പൊതുമാപ്പിന്റെ കാലാവധി. റമസാനിനുശേഷം ശേഷം സൗദിയില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ