റിയാദ്: സൗദിയിൽ നിന്ന് അവധി ആഘോഷിക്കാൻ ബഹ്റൈനിലേക്ക് പോയതാണ് മലപ്പുറം കുളത്തൂർ സ്വദേശി വി.എം.അഷ്റഫും കുടുംബവും. അവധി കഴിഞ്ഞു മടങ്ങിയെത്തിയിട്ടും രേഖയിൽ 12 വയസുകാരി മകൾ അലൈന അഷ്‌റഫ് മാത്രം സൗദിക്ക് പുറത്ത്. പാസ്പോർട്ട് വിഭാഗത്തിന്റെ ഓൺലൈൻ സേവന സംവിധാനമായ അബ്ശറിൽ യാത്ര സ്റ്റാറ്റസ് നോക്കിയപ്പോഴാണ് മകൾ ഇപ്പോഴും രാജ്യത്തിന് പുറത്താണെന്ന് അഷ്‌റഫിന് മനസിലായത്.
സൗദിയിലേക്ക് പ്രവേശിച്ചു എന്ന് അടയാളപ്പെടുത്തുന്ന സീലും തീയതിയും അലൈനയുടെ പാസ്സ്പോർട്ടിലും പതിച്ചിട്ടുണ്ട്. പക്ഷെ ഓൺലൈനിൽ മാത്രം അത് രേഖപ്പെടുത്തിയിട്ടില്ല. നിലവിലെ നിയമമനുസരിച്ചു രാജ്യത്തിന് പുറത്ത് എന്നാണ് ഓൺലൈൻ സ്റ്റാറ്റസ് എങ്കിൽ താമസ രേഖയായ ഇഖാമ പുതുക്കാനോ റീ-എൻട്രി വിസക്ക് അപേക്ഷിക്കാനോ കഴിയില്ല. ആശ്രിത വിസയിലുള്ളവർ റീ-എൻട്രി വിസയുടെ കാലാവധി അവസാനിക്കും മുമ്പ് സൗദിയിൽ മടങ്ങിയെത്തിയില്ലെങ്കിൽ സ്പോൺസറായ രക്ഷിതാക്കളുടെ ഇഖാമ പുതുക്കുന്നത് ഉൾപ്പടെയുള്ള പാസ്പോർട്ട് വിഭാഗത്തിന്റെ സേവനങ്ങളെല്ലാം അധികൃതർ തടയും.
അഷ്‌റഫ് ഉടൻ തന്നെ റിയാദ് മുറബ്ബയിലുള്ള പാസ്പോർട്ട് വിഭാഗത്തെ സമീപിച്ചു. ബഹ്‌റൈൻ അതിർത്തിയിലെ സൗദി പാസ്പോർട്ട് ഓഫീസിൽ പോകാനാണ് അഷ്റഫിനോട് അവിടെയുളള ഉദ്യോഗസ്ഥർ നിർദേശിച്ചത്. അവിടെ വരെ പോകാനുളള ബുദ്ധിമുട്ട് അറിയിച്ചതോടെ ഉദ്യോഗസ്ഥൻ പാസ്പോർട്ട് വിഭാഗത്തിന്റെ ഹെഡ് ഓഫീസിലേക്ക് വിളിച്ചു വിഷയം ശ്രദ്ധയിൽ പെടുത്തി. തുടർന്ന് മലസിലെ ഫറസ്ദഖ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശാഖയിലേക്ക് പോകാൻ അഷ്റഫിനോട് നിർദേശിച്ചു. അവിടെ എത്തിയപ്പോൾ സംഭവം വിവരിച്ചു ഇംഗ്ലീഷിലോ അറബിയിലോ കത്ത് നൽകാൻ അഷ്റഫിനോട് അധികൃതർ ആവശ്യപ്പെട്ടു. കത്ത് സ്വീകരിച്ചശേഷം 48 മണിക്കൂർ കാത്ത് നിൽക്കാൻ നിർദേശം ലഭിച്ചു. 24 മണിക്കൂറിനുള്ളിൽ തന്നെ അലൈന സൗദിയിൽ പ്രവേശിച്ചതായി ഓൺലൈനിൽ തിരുത്തുണ്ടായി.
ഇത്തരം സാങ്കേതിക പിഴവുകളെ ഉടൻ കണ്ടെത്തുന്നതിന് നിലവിൽ ഓൺലൈൻ സംവിധാനങ്ങളുണ്ട്. എയർപോർട്ടിലെ ഇമിഗ്രേഷൻ നടപടി പൂർത്തിയായാൽ ഉടനെ ഓൺലൈനിൽ വിസയുടെ സ്റ്റാറ്റസ് മാറും. സൗദിയിൽ നിന്ന് പുറത്തേക്ക് പോകുകയാണെങ്കിൽ “ഔട്ട് ദ ഓഫ് കിങ്ഡം” എന്നും സൗദിയിലേക്ക് പ്രവേശിച്ചതെങ്കിൽ “ഇൻ സൈഡ് ദ കിങ്ഡം” എന്നും രേഖപ്പെടുത്തിയത് കാണാം. ഇത് പരിശോധിക്കുന്നതിന് പ്രതേക സൈറ്റ് തന്നെ നിലവിലുണ്ട് ഇഖാമ നമ്പറും ജനനതിയ്യതിയും നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.
വാർത്ത: നൗഫൽ പാലക്കാടൻ