റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ സൗജന്യ ഇഖാമ പ്രാബല്യത്തിലായി. അവധിയിൽ നാട്ടിലുള്ളവരുടെ ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കും. അബ്ശറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് സൗദി പാസ്‌പോർട്ട് വിഭാഗം പുതുക്കിയ വിവരം സന്ദേശമായി അയച്ചു തുടങ്ങി. മാർച്ച് 28 മുതൽ ജൂൺ 30 കാലാവധിക്ക് ഇടയിലുള്ള സൗദിയിൽ ഉള്ളവർക്കും പുറത്തുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകും.

ഇഖാമ പുതുക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. സാധാരണ ഇഖാമ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് നടപടിക്രമം പൂര്‍ത്തിയാക്കേണ്ട ആവശ്യവും ഇല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലായളവില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് അബ്ശര്‍ പരിശോധിച്ചാല്‍ മൂന്നു മാസത്തേക്ക് പുതുക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ടാവും. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 1 വരെ കാലാവധി കഴിഞ്ഞ ഇഖാമ ഓട്ടമാറ്റിക് ആയി പുതുക്കുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Read Also: യുഎഇയിൽ ഇന്നലെ മാത്രം 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

പലര്‍ക്കും അവരുടെ ഇഖാമ ഇതിനകം ഓണ്‍ലൈനില്‍ പുതുക്കിയിട്ടുണ്ട്. പുതുക്കിയതായി മൊബൈൽ സന്ദേശം കിട്ടാത്തവർ അബ്‌ശർ ഓൺലൈനിൽ വഴി ഉറപ്പ് വരുത്താനാകും. ഇനി ഇതുവരെ പുതുക്കിയിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പുതുക്കിയയതായി സന്ദേശം ലഭിക്കും. സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഇളവുകളില്‍ ഒന്നാണ് വിദേശ തൊഴിലാളികള്‍ക്കുളള ലെവിയും മറ്റു ഫീസുകളും ഇല്ലാതെ മൂന്നു മാസം കാലാവധിയുളള ഇഖാമ. ലെവി, ഇന്‍ഷുറന്‍സ്, ഇഖാമ ഫീസ് എന്നിവ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് ശരാശരി പതിനായിരം സൗദി റിയാല്‍ ചിലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു മാസം ഇഖാമ സൗജന്യമായി പുതുക്കി ലഭിക്കുന്നതോടെ ഇത്രയും സംഖ്യ അടക്കാന്‍ മൂന്നു മാസം സാവകാശം ലഭിക്കും. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ തൊഴിലുടമകള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook