റിയാദ്: പൊതു ഇടത്ത് കുട്ടിയുടുപ്പ് ഇട്ട് പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ നടപടി സ്വീകരിക്കാന്‍ സൗദി അറേബ്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഖുലൂദ് എന്ന പേരിലുളള ഒരു മോഡല്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സൗദിയില്‍ ശരീരം വെളിവാകുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരിക്കെയാണ് ഉഷായ്ഖറിലെ ചരിത്രപ്രധാനമുളള കോട്ടയ്ക്ക് അകത്തുകൂടെ കുട്ടിയുടുപ്പ് ധരിച്ച് നടക്കുന്ന വീഡിയോ യുവതി പോസ്റ്റ് ചെയ്തതത്.

താമസിയാതെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ രാജ്യത്തിന്റെ കര്‍ശന ഡ്രസ് കോഡ് നിയമം തെറ്റിച്ച യുവതിയുടെ അറസ്റ്റിന് നവമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നു. എന്നാല്‍ ചിലര്‍ യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചും രംഗത്തെത്തി. സൌദിയില്‍ സ്ത്രീകള്‍ അയഞ്ഞതും നീളം കൂടിയതും ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നത് കര്‍ശന നിയമമാണ്.

Read More : വയനാട്ടില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ മംഗലാപുരത്ത് പിടിയില്‍

ഇതിനിടെയാണ് യുവതി സ്നാപ്ചാറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പുരാതനമായ ഉഷാഖിര്‍ കോട്ടയ്ക്ക് അടുത്തുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഖുലൂദ് നടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഖുലൂദിന്റെ മുഖവും ദൃശ്യങ്ങളില്‍ വ്യക്തമായികാണാം. റിയാദില്‍ നിന്നും 155 കി.മീറ്റര്‍ അകലെ നജാദ് പ്രവിശ്യയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 18ാം നൂറ്റാണ്ടില്‍ വഹാബിസത്തിന്റെ പിറവി നജാദിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഖുലൂദിന് തക്ക ശിക്ഷ നല്‍കണമെന്നും എന്നാല്‍ ഖുലൂദിന് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവരെ അനുവദിക്കണമെന്ന് പറഞ്ഞും ട്വിറ്ററില്‍ പോര് മുറുകി. യുവതിയ അറസ്റ്റ് ചെയ്താല്‍ സൗദിയുടെ വിഷന്‍ 2030 പരിപാടി എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ എല്ലാ രാജ്യത്തിനും അവരുടേതായ നിയമ ഉണ്ടെന്നും അത് അനുസരിച്ച് വേണം ജീവിക്കാനെന്നും ചിലര്‍ യുവതിയെ വിമര്‍ശിച്ച് ട്വിറ്ററില്‍ അണിനിരന്നു.
അമേരിക്കന്‍ പ്രഥമ പൗരയായ മെലാനിയ ട്രംപും മകള്‍ ഇവാനിയയും ശിരോവസ്ത്രം ധരിക്കാതെ സൗദിയിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ യുവതിക്ക് പിന്തുണ അറിയിച്ചത്. ആ യുവതി ഒരു വിദേശിയാണെങ്കില്‍ അവരുടെ സൗന്ദര്യത്തെ പുകഴ്ത്താനായിരിക്കും ആളുകള്‍ മുന്നോട്ട് വരികയെന്നും വിമര്‍ശനം ഉയര്‍ന്നു.

സംഭവത്തില് യുവതിയെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍‍ പ്രവിശ്യ ഗവര്‍ണര്‍ക്കും പൊലീസിനും ഉഷായ്ഖര്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More : ‘നെയില്‍ പോളിഷ് ഇടേണ്ട, മൈലാഞ്ചിയാവാം’; സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ച് ഇര്‍ഫാന്‍ പഠാന്റെ സെല്‍ഫി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ