റിയാദ്: കത്തികാളുന്ന വേനൽ ചൂടിൽ സൗദിഅറേബ്യയുൾപ്പടെ ഗൾഫ് രാജ്യങ്ങൾ ഉരുകിയൊലിക്കുന്നു. കടുത്ത ചൂടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ 47 ഡിഗ്രി സെൽഷ്യസാണ് ഇന്നത്തെ ചൂട്. ഏറ്റവും കുറഞ്ഞ താപനില ദക്ഷിണ സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് ഉൾപ്പെടുന്ന അസീർ പ്രവിശ്യയിലാണ്. 25 ഡിഗ്രി സെൽഷ്യസാണ് അസീർ പ്രവിശ്യയിലെ താപനില. ദുബായ് ഉൾപ്പെടുന്ന യുഎയിൽ 47 ഡിഗ്രി സെൽഷ്യസ് പകലും 32 ഡിഗ്രി സെൽഷ്യസ്‌ ചൂട് രാത്രിയിലും അനുഭവപ്പെടുന്നുണ്ട്.

അതി കഠിനമായ ചൂടിൽ നിരവധി ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. പുറത്ത് ജോലി ചെയ്യുന്നവരും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുമുണ്ട്. വേനൽ ചൂട് കടുത്തതോടെ നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നതെന്ന് റിയാദിലെ ക്ലിനിക്കുകളിലെ ഡോക്ടർമാർ അറിയിച്ചു. ചൂട് കൂടുന്നത് കുട്ടികളിലും വലിയ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകുന്നുണ്ട്. തൊലി സംബന്ധമായ രോഗങ്ങളും, നിർജലീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളുമാണ് കൂടുതാലായി കണ്ട് വരുന്നതെന്ന് റിയാദിലെ ശിശുരോഗ വിദക്തൻ ഡോ. പി.മുകുന്ദൻ പറഞ്ഞു.

അമിതമായ ചൂട് ദഹന പ്രക്രിയയെ തകരാറിലാക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വെള്ളം കുടിക്കുകയും മാംസാഹാരങ്ങൾ ഒഴിവാക്കുകയും എളുപ്പത്തിൽ ദഹിക്കാനാകുന്ന ഭക്ഷണങ്ങൾ കഴിക്കണമെന്നും വിദഗ്‌ധർ നിർദേശം നൽകി. വേനല്‍ കടുത്തിരിക്കെ സൂര്യാഘാതത്തെ സൂക്ഷിക്കണമെന്ന് ഷിഫ അല്‍ജസീറ പോളിക്ളിനിക്കിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ് മുന്നറിയിപ്പ് നല്‍കി. വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, കൊച്ചുകുട്ടികള്‍, പ്രായാധിക്യമുള്ള ആളുകള്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. Center for Disease Controll and Prevention (CDC)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ 1999നും 2010നുമിടയില്‍ മാത്രം 7415 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഇന്ത്യയില്‍ 2004നും 2013നുമിടയില്‍ 9734 പേരും. സൂര്യാഘാതത്തെ ഭയപ്പെടുക തന്നെ വേണം എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ