റിയാദ്: സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും യഥാർഥ അവകാശിക്ക് പകരം ആൾമാറാട്ടം നടത്തി കാർഡ് ദുരുപയോഗം ചെയ്യുന്ന നിരവധി കേസുകളാണ് ദിനേന റിപ്പോർട്ട് ചെയ്യുന്നത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് പലരും ഈ നിയമ ലംഘനം നടത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. കാർഡ് ഉടമ റിസപ്‌ഷനിലെത്തി നടപടി ക്രമങ്ങളെലാം പൂർത്തിയാക്കി ഡോക്ടറുടെ അടുത്തെത്തുമ്പോൾ അത് ബന്ധുവോ സുഹൃത്തോ ആയി മാറുന്നതാണ് കൂടുതലായി കണ്ട് വരുന്ന നിയമ ലംഘനമെന്ന് ഇവർ പറയുന്നു.

ഡോക്ടറെ കബളിപ്പിച്ച് മരുന്നും മറ്റ് ചികിത്സയും നേടുന്നവരും കുറവല്ല. അവധിക്ക് നാട്ടിൽ പോകുമ്പോൾ പല കാർഡുകളിലായി മരുന്നുകൾ വാങ്ങിയും കാർഡ് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇൻഷുറൻസ് കാലാവധി കഴിഞ്ഞവർക്കും സന്ദർശക വിസയിലെത്തുന്നവർക്കും ചികിത്സക്കും മരുന്നിനും വേണ്ടിയാണ് പ്രധാനമായും കാർഡ് ദുരുപയോഗം ചെയ്യുന്നത്. കൂടുതൽ കവറേജില്ലാത്ത ചെറിയ മുടക്കിലുള്ള കാർഡ് ഉള്ളവർ സൗന്ദര്യവർധക ചികിത്സകൾക്കു വേണ്ടി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ട്. ചികിത്സക്കെത്തുമ്പോൾ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിർബന്ധമാണെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും ഇഖാമയിൽ കാണുന്ന പഴയ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനാകുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് (CCHI) അവർക്ക് വിലക്ക് ഏർപ്പെടുത്തും. ഇഖാമ നമ്പറിൽ വിലക്ക് വീണാൽ സൗദിയിലെ ഇൻഷുറൻസ് കമ്പനികൾക്ക് പിന്നീട് അതേ ഐഡിയിൽ പുതിയ പോളിസി നൽകാനോ പഴയത് പുതുക്കാനോ കഴിയില്ല. സൗദിയിൽ ഇഖാമ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെ ഇൻഷുറൻസ് ഇല്ലെങ്കിൽ ഇഖാമ പുതുക്കാതെ നാട് വിടുകയോ നിയമ ലംഘകനായി തുടരുകയോ ചെയ്യേണ്ട സാഹചര്യം സംജാതമാകും. അതിനാൽ തന്നെ ഗൗരവമേറിയ ഈ നിയമലംഘനത്തിൽ പെട്ട് പോകരുതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook