scorecardresearch

ഒരു പുരാതന ഗ്രാമ നഗരം, അവിടെയൊരു പഴമയുടെ സൂക്ഷിപ്പുകാരൻ

“എഴുപത്തി രണ്ടുകാരനായ ഞാനും ഈ മ്യൂസിയത്തിലെ ഒരു ജീവനുള്ള ഐറ്റമാണെന്നാണ് ഹമദ് ചെറു ചിരിയോടെ പറയുന്നത്”

ഒരു പുരാതന ഗ്രാമ നഗരം, അവിടെയൊരു പഴമയുടെ സൂക്ഷിപ്പുകാരൻ

റിയാദ്: പഴമ സംസാരിക്കുന്ന ഒരു ഗ്രാമം അവിടെ കുറെ പച്ചയായ മനുഷ്യരും, അവരിൽ ആധുനിക കാലത്തിന്റെ നാട്യങ്ങളില്ല. നാഗരികതക്കൊപ്പം ചുവടു വയ്ക്കാൻ അവർ തയ്യാറുമല്ല. വിവരണങ്ങളുടെയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലാത്തവിധം കാഴ്ചയിൽ തന്നെ അറേബ്യയുടെ തനത് സംസ്കാരത്തിന്റെ കഥ പറയാൻ അവിടെ മൺ വീടുകളുണ്ട്. ഭാഷയില്ലാത്ത വാക്കുകളിൽ ആ മൺ വീടുകൾ കാഴ്ചക്കാരോട് സംവദിക്കും. റിയാദിൽ നിന്നും ഇരു നൂറ് കിലോമീറ്റർ അകലെയാണ് സ്വർണ്ണ നിറമുള്ള ആ ഗ്രാമം. ഷാക്കിറകടുത്ത് ഉഷാഖിർ എന്നാണ് ആ ഗ്രാമത്തിന് പേര്. സൗദി അറേബ്യയിലെ ഏറ്റവും പഴക്കമുള്ള ഗ്രാമങ്ങളിൽ ഒന്ന് കൂടിയാണ് ഉഷാഖിർ. 400 മൺ വീടുകളും എൺപതോളം കുടിവെള്ള കിണറുകളും പഴയ പള്ളികളും നിരവധി ഗോപുരങ്ങളും നിറഞ്ഞതാണ് ഗ്രാമം.

പഴമ നഷ്‌ടപ്പെടാതെ ഒരു ഗ്രാമം കാക്കുന്നവർക്കൊപ്പം ഒരു ചരിത്ര സൂക്ഷിപ്പുകാരനുമുണ്ടവിടെ. പേര് ഹമദ് സുലൈമാൻ അസ്സാലിം. സൗദി അറേബ്യയുടെ ചരിത്രം സൂക്ഷിപ്പുകാരൻ മാത്രമല്ല ഹമദ്. വിവിധ രാജ്യങ്ങളുടെ ചരിത്രത്തിന്റെ മാറി മറിഞ്ഞ കാലഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന അത്യപൂർവ്വ ശേഖരത്തിന്റെ ഉടമകൂടിയാണ് ആ ഗ്രാമവാസി. ഉഷാഖിർ ഗ്രാമത്തിന്റെ കവാടത്തിൽ ഹദിന്റെ ഉടമസ്ഥതയിൽ പുരാതന വസ്തുക്കളുടെ പ്രദർശനത്തിനായി ഒരു മ്യൂസിയം തന്നെ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പുരാതന വസ്തുക്കളാണ് അൽ സാലിം മ്യൂസിയത്തിലെ കാഴ്ച വിരുന്ന്. കൂടെ വൈവിധ്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ഏടുകൾ മറിച്ച് വായിക്കും പോലെ സന്ദർശകരായെത്തുന്ന പുതു തലമുറക്കാർക്ക് ചരിത്രം പറഞ്ഞു കൊടുക്കാൻ ഹമദ് സുലൈമാനും. സ്വീകരിക്കാൻ സുലൈമാനിയും ഖഹ്‌വയും (അറബിക് കോഫീ).

ഈത്തപ്പഴവും, ഹമദിനൊപ്പം ഒരിറക്ക് സുലൈമാനി പിന്നെ ഹമദ് കൂടെയുള്ളവരെ അവരറിയാതെ ഒരു യാത്രക്ക് കൊണ്ട് പോകും. അമ്പതുകളിലേക്കാണ് യാത്ര. സംസാരം അവസാനിക്കുമ്പോഴേക്കും ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അനുഭവം അദ്ദേഹം സന്ദർശകരിൽ സൃഷ്‌ടിക്കും. മരുപ്പച്ച എന്നത് മരുഭൂമിയിൽ കിളിർക്കുന്ന ചെടികളോ പച്ചപ്പുകളോ മാത്രമല്ല. ഹമദ് അസ്സാലിമിനെ പോലുള്ള സഹൃദയരെ കൂടി വിളിക്കാവുന്ന ഒരു ആലങ്കാരിക പ്രയോഗം കൂടിയാണ്. ഉഷാക്കിർ ഗ്രാമത്തിലെ പ്രമുഖ തറവാടുകളിൽ ഒന്നാണ് അസ്സാലിം തറവാട്. ഉഷാഖിറിൽ പ്രാഥമിക മദ്രസാ പഠനം പൂർത്തിയാക്കി ഉപരി പഠനത്തിനായി ഹമദ് റിയാദിലെത്തി. പഠനം പൂർത്തിയാക്കി വീണ്ടും തന്റെ ജന്മ ഭൂമിയായ ഉഷാഖിറിലേക്ക് മടങ്ങി. മ്യൂസിയത്തിലേക്ക് പഴമയുള്ള പുതിയ എന്ത് എത്തിക്കാൻ കഴിയുമെന്ന ആലോചനയിലാണ് ഈ സഹൃദയൻ. മൂന്ന് തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. അത് പക്ഷെ വസ്തുക്കളുടെ ശേഖരത്തിനായല്ല. ജോലിക്കാരെ കൊണ്ട് പോകാൻ വന്നതാണ്. മ്യൂസിയത്തിൽ സന്ദർശകരായി ഇന്ത്യക്കാരെത്തിയാൽ എൺപതുകളിലെ ബോംബെ നഗരത്തിന്റെ വിശേഷങ്ങളും ഹിന്ദികളുടെ തൊഴിൽ രംഗത്തെ മികവിനെ കുറിച്ച് പറഞ്ഞു തുടങ്ങും.

മലയാളികളോടും മദ്രാസികളോടുമാണ് കൂടുതൽ പ്രിയം. എഴുപത്തി രണ്ടുകാരനായ ഞാനും ഈ മ്യൂസിയത്തിലെ ഒരു ജീവനുള്ള ഐറ്റമാണെന്നാണ് ഹമദ് ചെറു ചിരിയോടെ പറയുന്നത്. ശാരീരികമായി എന്നെ വാർദ്ധക്യം പിടി പെട്ടിട്ടുണ്ട് എന്നാൽ എന്റെ മനസ്സ് യുവാവാണ്. ഇതിനുകാരണം ഞാൻ ഈ പഴമക്കൊപ്പം ജീവിക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നു. ദശാബ്ദങ്ങൾക്ക് മുമ്പുള്ള വസ്ത്രങ്ങൾ, നോട്ടുകൾ, പാത്രങ്ങൾ, വിളക്കുകൾ, നാണയങ്ങൾ, ആയുധങ്ങൾ, സോപ്പ്, സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയ ഒട്ടനവധി വസ്തുക്കളാൽ മൂല്യവത്താണ് ഹദിന്റെ അസ്സാലിം മ്യൂസിയം. രാജ്യത്ത് ശൈത്യകാല അവധി തുടങ്ങുന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉഷൈഖിറിൽ സന്ദർശകരെത്തും. ഈ സമയത്ത് മ്യൂസിയവും ഹമദും സജീവമാകും. സ്‌കൂളുകളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നുമെല്ലാം വിദ്യാർഥികൾ ധാരാളം ഇവിടം സന്ദർശിക്കുന്നുണ്ട്. ചരിത്ര വിദ്യാർഥികൾ ദിവസങ്ങളെടുത്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ സൗദി അറേബ്യയുടെ പൈതൃക നഗരം കാണാൻ ഉഷൈഖിറിൽ എത്തുന്നുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi arabia hamad sulaiman asalim