റിയാദ്: ഹജ് നിർവഹിക്കാൻ എത്തുന്നവർ നിയമം ലംഘിച്ചാൽ 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. അനുമതി കൂടാതെ ഹജ്ജിന് ശ്രമിക്കുന്നത് ഉൾപ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കാണ് മുന്നറിയിപ്പ്. നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ വിരലടയാളം ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയാണ് തിരിച്ചയക്കുക. പിന്നീട് 10 വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കൽ അസാധ്യമാകും.

നിലവിൽ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ചട്ടം അനുസരിച്ച് മാർച്ച് 19 വരെയുള്ള നിയമ ലംഘകർക്ക് നവംബർ 15 വരെ അവസരം ഉപയോഗപ്പെടുത്താം. മുമ്പ് ഹജ് ഉംറ വിസയിലെത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയാൽ തിരിച്ച് സൗദി അറേബ്യയിലെത്താൻ വിലക്കുകളൊന്നുമില്ല. നൂറ് കണക്കിന് നിയമ ലംഘകരായ ഇന്ത്യക്കാരാണ് പൊതുമാപ്പിൽ രാജ്യം വിട്ട് പുതിയ വിസയിൽ ഇതിനകം തിരിച്ചെത്തിയത്.

അവസരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സൗദിയുടെ പ്രധാന നഗരങ്ങളിലെല്ലാം എംബസി സംഘം ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാർ കൂടുതലായുള്ള പ്രദേശങ്ങളിൽ സേവന കേന്ദ്രങ്ങളും ആരംഭിച്ചു. ചിലയിടത്ത് അംബാസഡർ അഹമ്മദ് ജാവേദ് നേരിട്ടെത്തി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉൾപ്രദേശങ്ങളിൽ ജോലിചെയ്യുന്ന അറിഞ്ഞോ അറിയാതെയോ നിയമ ലംഘകരായവരെ കണ്ടെത്തി എംബസിയിലെത്തിച്ച് നാട്ടിലേക്കയക്കാൻ അവസാന ഘട്ടത്തിലും സാമൂഹ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും സജീവമാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook