റിയാദ്: ലോകത്തിലെ നാനാമൂലകളിൽ നിന്നും വന്നെത്തിയ തീർഥാടകരുടെ മന്ത്രധ്വനികളാൽ മിനാ താഴ്‌വാരം മുഖരിതമായി. “നാഥാ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു” എന്ന അർഥം വരുന്ന ലബ്ബൈക് അല്ലാഹുമ്മ ലബ്ബൈക് എന്ന മന്ത്രം ഉരുവിട്ടാണ് മിനയിൽ വിശ്വാസികൾ സമയം ചിലവിടുന്നത്. നമസ്കാരവും മന്ത്രങ്ങൾ ഉരുവിടലും പ്രാർത്ഥനയുമാണ് മിനയിലെ പ്രധാന ചടങ്ങുകൾ. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫ നാളെ വീണ്ടും സാക്ഷ്യം വഹിക്കും. ഇന്ന് രാത്രി മുതൽ മിനയിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. നാളെ അറഫായിൽ കറുത്തവനും, വെളുത്തവനും, സമ്പന്നനും, ദരിദ്രനും, പണ്ഡിതനും, പാമരനും ഒരു പോലെ വസ്ത്രമണിഞ്ഞ് ഒരു പോലെ മന്ത്രം ഉരുവിട്ട്, പാപ മോചനത്തിനായും ദൈവത്തിന്റെ അനുഗ്രഹ വർഷത്തിനായും നിറ കണ്ണുകളുമായി മുകളിലേക്ക് കൈ ഉയർത്തും.

അറഫ സംഗമം കഴിഞ്ഞാൽ ഒരു രാത്രി മുസ്ദലിഫയിൽ ചെലവഴിച്ച് വീണ്ടും മിനയിലേക്ക് മടങ്ങും. മിനയിൽ നാല് ദിവസം താമസിച്ചാണ് മറ്റ് കർമങ്ങളിലേക്ക് കടക്കുന്നത്. വിശ്വാസികൾ അറഫ ദിവസം രാത്രി താമസിക്കുന്ന സ്ഥലമാണ് മുസ്ദലിഫ. അറഫയുടെയും മിനയുടെയും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 4 കിലോമീറ്റര്‍ നീളവും 12.25 കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട് മുസ്ദലിഫക്ക്. തങ്ങളുടെ അതിഥികളായെത്തിയ തീർഥാടകരെ സഹായിക്കാനും സുരക്ഷ നൽകുന്നതിനും രാജ്യം സുസജ്ജമാണ്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തിലേറെ വിദേശികളാണ് അധികമായി ഹജ് നിർവഹിക്കാൻ എത്തിയിട്ടുള്ളത്.

17,34,000 വിദേശികൾ കൂടാതെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര ഹാജിമാരും ഇത്തവണ ഹജ്ജിനുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ അടിയന്തിര ചികിത്സകൾ നൽകുന്നതിന് വിദഗ്‌ധ ഡോക്ടർമാരുൾപ്പടെ എല്ലാ സംവിധാങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും സേവനത്തിനുമായി ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിൽ കൂടുതൽ കരുതലോടെ മികച്ച ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹെലികോപ്റ്ററുകൾ തീർഥാടകരുടെ സംഗമഭൂമിക്ക് മുകളിലൂടെ സുരക്ഷാ ചിറക് വിരിച്ചു പറക്കുന്നുണ്ട്. അപകടങ്ങളും മറ്റ് അടിയന്തിര സാഹചര്യങ്ങളും നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ ആവർത്തിച്ചു. തീവ്രവാദ ഭീകരവാദ നീക്കങ്ങളെ ചെറുത്ത് തോൽപിക്കാൻ രാജ്യത്തിന്റെ സൈന്യത്തിനായിട്ടുണ്ട്. ഹജ് സുരക്ഷയ്ക്ക് ഭീഷണികളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മൻസൂർ അൽ തുർക്കി മിനയിലെ സുരക്ഷാ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook