റിയാദ് : മൂന്നര പതിറ്റാണ്ടിന് ശേഷം പുതു ചരിത്രം രചിച്ച് നാളെ സൗദി അറേബ്യ തിയറ്ററിലേക്ക്. റിയാദിലെ കിംഗ് അബ്ദുള്ള ഡിസ്ട്രിക്ടിൽ പുതുതായി നിർമിച്ച സിനിമ കോംപ്ലക്സിലാണ് സൗദി ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെൻറ് എന്റർടെയ്ൻമെൻറ് കമ്പനിയും യു.എസ് തിയറ്റർ കമ്പനിയായ എ.എം.സി യും ചേർന്ന് ആദ്യ സിനിമ പ്രദർശിപ്പിക്കുക.

മെയ് മാസത്തോട് കൂടി തിയറ്റർ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാകും. ഈ വർഷം അവസാനത്തോടെ കൂടുതൽ തിയേറ്ററുകൾ തുറക്കും. സൗദി അറേബ്യയുടെ പതിനഞ്ചോളം നഗരങ്ങളിൽ നാൽപ്പതിലധികം തിയറ്ററുകളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ.എം.സി ആരംഭിക്കുക.

റയാന്‍ കൂഗ്ലർ സംവിധാനം ചെയ്ത് ചാട്വിക് ബോസ്മാൻ ബ്ലാക്ക് പാന്തറായി വേഷമിടുന്ന ‘ബ്ലാക്ക് പാന്തര്‍’ ആയിരിക്കും 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യചിത്രം. മാര്‍വല്‍ കോമിക്സിലെ സൂപ്പര്‍ ഹീറോ കഥപാത്രങ്ങളിലെ പതിനെട്ടാമത്തെ ചിത്രമാണ് ബ്ലാക്ക് പാന്തര്‍. രണ്ട് മണിക്കൂർ പതിനാല് മിനിട്ടാണ് ചിത്രത്തിൻറെ ദൈർഘ്യം. മാറ്റത്തിന്റെ വെള്ളിവെളിച്ചം തെളിയുമ്പോൾ സ്വദേശികൾ അത്യുത്സാഹത്തിലാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് രാജ്യത്തിനകത്ത് തന്നെ ടൂറിസത്തിനും വിനോദത്തിനും വേണ്ടിയുള്ള അവസരം ഒരുക്കുകയാണെന്ന് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സൗദി ജനറല്‍ എന്റര്‍ടെയ്‌ന്‍മെ‌ന്റ് അതോറിറ്റി അറിയിച്ചു.

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ