ജിദ്ദ: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട വനിതാ സൈക്ലിങ് മൽസരത്തിൽ വിവിധ പ്രായക്കാരായ 47 പേർ പങ്കെടുത്തു. ജനറൽ അതോറിറ്റി ഓഫ് സ്‌പോർട്സ് ആണ് ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോർട്സ് സിറ്റിയിൽ വനിതകൾക്കായി സൈക്ലിങ് മൽസരം സംഘടിപ്പിച്ചത്.

സൗദിയിൽ വനിതകൾക്കായി സംഘടിപ്പിക്കപ്പെട്ട രണ്ടാമത്തെ കായിക പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പത്ത് കിലോ മീറ്റർ സൈക്ലിങ് മൽസരം. ഈ വർഷാരംഭത്തിൽ ജിദ്ദയിൽ തന്നെ സൗദി വനിതകളുടെ ആദ്യ മാരത്തൺ സംഘടിപ്പിച്ചിരുന്നു.

“മനോഹര സംരംഭം” എന്നാണ് മൽസരത്തിൽ പങ്കെടുത്ത വനിതകൾ അഭിപ്രായപ്പെട്ടത്. വനിതകൾക്കായി കൂടുതൽ കായിക മൽസരങ്ങൾ സംഘടിപ്പിക്കണമെന്നാണ് ജനറൽ അതോറിറ്റി ഓഫ് സ്‌പോർട്സിനോട് ഇവർക്ക് അഭ്യർത്ഥിക്കാനുണ്ടായിരുന്നത്.

30 മുതൽ 47 പേരെ വരെ മാത്രമേ പരമാവധി മൽസരത്തിൽ പങ്കെടുപ്പിക്കാവൂ എന്ന ജനറൽ സ്‌പോർട്സ് അതോറിറ്റിയുടെ നിബന്ധന ഉള്ളത് കൊണ്ട് പരിപാടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം എത്തിയ പലരെയും മൽസരത്തിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തേണ്ടി വന്നതായി പരിപാടിയുടെ ഇവന്റ് സൂപ്പർവൈസർ നാദിമ അബു അൽഇൻ മാധ്യമങ്ങളെ അറിയിച്ചു.

വാർത്ത: നാസർ കാരക്കുന്ന്

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ