റിയാദ്: സൗദിയിലെ നജ്റാനിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. മരിച്ചവരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിൽ രണ്ടു പേര്‍ മലയാളികളാണ്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. അൽ ഖമർ നിർമാണ കമ്പനി ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങൾ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം വള്ളിക്കുന്ന് സ്വദേശി ശ്രീജിത്ത്, ബൈജു രാഘവന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മേഖല ഗവര്‍ണര്‍ ഉത്തരവിട്ടു. പരുക്കേറ്റവര്‍ കിങ് ഖാലിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. എയർ കണ്ടീഷണറിൽ നിന്നുണ്ടായ അഗ്നിബാധയാണ്​ ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് തീ പടരുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook