റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള കുടുംബ ലെവി ഉൾപ്പടെ എല്ലാ നികുതികളും പിൻവലിച്ചുവെന്ന് വ്യാജ പ്രചാരണം. ലെവി ഉൾപ്പടെ എല്ലാ പുതിയ നിയമങ്ങളും പിൻവലിച്ചു എന്ന് ശബ്ദ സന്ദേശങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഒഴുകുകയാണ്. ആശ്രിത വിസയിൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കേ ലെവി നൽകേണ്ടതുള്ളൂ എന്നും തൊഴിലാളികളുടെ ലെവി വർഷം 4800 റിയാലായി ചുരുക്കി എന്നും സന്ദേശത്തിൽ പറയുന്നു.

എന്നാൽ ഇതെല്ലാം വ്യക്തമായ ധാരണയില്ലാതെ പ്രചരിപ്പിക്കുന്ന കിംവദന്തിയാണ്. കഴിഞ്ഞ ദിവസം പ്രവാസികൾക്ക് സന്തോഷ വാർത്ത ഉടനുണ്ടാകുമെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കിംവദന്തികൾ ഒഴുകിയത്. അറബിയും ഇംഗ്ലീഷും മലയാളവും ഉൾപ്പടെ വിവിധ ഭാഷകളിൽ ശബ്ദ സന്ദേശങ്ങൾ പരക്കുന്നുണ്ട്.

എന്നാൽ, സൗദി അറേബ്യയിൽ പുതിയതായി നിലവിൽ വന്ന ഒരു നിയമവും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം വിശദാശംങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറിഞ്ഞും അറിയാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പങ്കാളികളാകരുതെന്ന് മന്ത്രാലയങ്ങൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് സൗദി അറേബ്യയിൽ സൈബർ കുറ്റമാണ്. നിയമങ്ങൾ നിലവിൽ വരുന്നതും പിൻവലിക്കുന്നതും വിവിധ വകുപ്പുകളുടെ വെബ്സൈറ്റിൽ അതാത് സമയത്ത് അപ്ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

സാധാരണക്കാരായ പ്രവാസികൾ മുതൽ ഉന്നത തസ്തികകളിൽ ജോലിചെയ്യുന്നവരും അറിഞ്ഞോ അറിയാതെയോ വ്യാജ വാർത്തകളുടെ വാഹകരാകുന്നുണ്ട്. നാട്ടിലും ഈ വിഷയങ്ങൾ സജീവ ചർച്ചയാണെന്നിരിക്കെയാണ് വ്യാജ പ്രചാരണങ്ങൾ വ്യാപകമാകുന്നത്. ലെവി ഉൾപ്പടെയുള്ള നികുതികളിൽ ഏതെങ്കിലും രീതിയിൽ മാറ്റങ്ങളുണ്ടാകുകയാണെങ്കിൽ മന്ത്രാലയത്തിന്റെ വെബ്‌സെറ്റിൽ അത് പരസ്യപ്പെടുത്തും. തൊഴിൽ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വിവരം പങ്കുവയ്ക്കും. ലഭിക്കുന്ന വിവരങ്ങൾ വ്യാജമാണോ എന്നറിയാൻ ഉടൻ അതത് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചാൽ യഥാർത്ഥ വസ്തുത തിരിച്ചറിയാൻ സാധ്യമാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook