റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിലായ തൊഴിലാളികളുടെ ലെവിയോ കുടുംബ ലെവിയോ പിൻവലിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല. അതേസമയം, 2017 ൽ ലെവി ആരംഭിക്കും മുമ്പേ 2018 ലേക്ക് ഇഖാമ പുതുക്കിയവർക്ക് തൊഴിൽ മന്ത്രാലയം നൽകിയ ലെവി തുകക്കാണ് സൽമാൻ രാജാവ് സഹായം പ്രഖ്യാപിച്ചത്. ഈ തുക അടച്ചവർക്ക് സഹായ ഫണ്ട് വഴി പണം തിരിച്ചു നൽകും.

ഇനിയും അടക്കാതെ പച്ച, പ്ലാറ്റിനം കാറ്റഗറിയിലുള്ളവർക്ക് കുടിശിക നൽകേണ്ടതില്ല. മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുള്ളവർ ആവശ്യമായ സ്വദേശികളെ നിയമിച്ചു പച്ച, പ്ലാറ്റിനം കാറ്റഗറിയിലേക്ക് മാറിയാൽ ഈ ആനുകൂല്യം ലഭ്യമാകും. എന്നാൽ ഇഖാമ പുതുക്കാൻ നിലവിൽ നൽകി കൊണ്ടിരിക്കുന്ന ലെവിക്ക് ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യവുമായി ഒരു ബന്ധമില്ല. 2017 മുതൽ എക്സിറ്റിൽ പോയവർക്കും ലെവി അടക്കാൻ തൊഴിൽ മന്ത്രാലയം ഇൻവോയ്‌സ് നൽകിയിരുന്നു. നിരവധി കമ്പനികൾക്ക് വലിയ ബാധ്യതയായിരുന്ന ഈ തുക ഇനി നൽകേണ്ട എന്നതും നൽകിയവർക്ക് തിരിച്ചു കിട്ടുമെന്നതും ഏറെ ആശ്വാസകരമാണ്.

ധന സഹായം ലഭിക്കാനായി തൊഴിൽ മന്ത്രാലയത്തിന്റെ //mlsd.gov.sa/ar/node എന്ന വെബ്‌സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകണം. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്നും ലെവി കുടിശ്ശിക ഉൾപ്പടെയുള്ള ഫീസുകൾ കാര്യമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ നിക്ഷേപ മന്ത്രാലയം മുമ്പാകെ വിവരങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നിർദേശം രാജാവിന് മുമ്പിൽ സമർപ്പിച്ചു. ധനസഹായ പദ്ധതിക്ക് രാജാവ് അംഗീകാരം നൽകിയതോടെ ലെവി കുടിശ്ശികയിൽ നിന്ന് കമ്പനികൾ രക്ഷപ്പെട്ടു.

നിർമാണ മേഖല ഉൾപ്പടെയുള്ള വലിയ കമ്പനികൾക്ക് വലിയ തുകയാണ് ഇത് വഴി അക്കൗണ്ടിൽ മടങ്ങിയെത്തുക. പുതിയ തീരുമാനം വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇഖാമ പുതുക്കാൻ നൽകി കൊണ്ടിരിക്കുന്ന ലെവി റദ്ദ് ചെയ്തു എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ലെവി കുടിശ്ശികക്ക് ധനസഹായം നൽകുമെന്ന വാർത്ത തെറ്റിദ്ധരിച്ചതും ചിലർ മനഃപൂർവ്വം വളച്ചൊടിച്ചതുമാണ്. ഇഖാമ പുതുക്കാൻ നിലവിൽ നൽകി കൊണ്ടിരിക്കുന്ന ലെവിയിലോ ജവാസാത്ത് ഫീസിലോ ഒരു മാറ്റവും വന്നിട്ടില്ല.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ