Saudi travel ban update: റിയാദ്: കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിലവിലുള്ള യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകളാണ് ദീർഘിപ്പിച്ചിരിക്കുന്നത്. വിലക്ക് മാർച്ച് 31 മുതൽ നീക്കുമെന്ന് സൗദി അധികൃതർ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. എന്നാൽ വിലക്ക് മേയ് 17 വരെ നീട്ടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് പ്രാബല്യത്തിലുണ്ട്.
Read More: ദുബായിലേക്ക് യാത്രചെയ്യുന്നവർക്കുള്ള ചട്ടങ്ങളിൽ മാറ്റം; ആർടി പിസിആർ സമയപരിധി കുറച്ചു
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.
2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.