ദമ്മാം : സ്വഫ്‌വയിലെ കൃഷിയിടത്തില്‍ മലയാളികള്‍ അടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലാണ് സൗദി പൗരന്മാരായ യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന്‍ അൽ മുതവ്വ, മുർതസ ബിന്‍ ഹാശിം ബിന്‍ മുഹമ്മദ് അല്മൂസസവി, അമ്മാര്‍ ബിന്‍ യുസ്‌രി ബിന്‍ അലി ആലുദുഹൈം എന്നിവരുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍ അബൂബക്കര്‍, തിരുവന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്ഖാ്ദര്‍ സലീം, കൊല്ലം കണ്ണനല്ലൂര്‍ ശൈഖ് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അക്ബര്‍ ഹുസൈന്‍ ബഷീര്‍, വില്ലുക്കുറി കല്ക്കുളം ഫാതിമ സ്ട്രീറ്റ് ലാസര്‍ എന്നിവരാണ് എട്ടു വർഷം മുൻപ് കൊല്ലപ്പെട്ടത്.

അഞ്ചു പേരെയും കൃഷിയിടത്തിലേക്ക് വിളിച്ചു വരുത്തിയ പ്രതികള്‍ പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ചും വായകള്‍ മൂടിക്കെട്ടിയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് കുഴിയെടുത്ത് മണ്ണിട്ടു മൂടിയത്. മൃതപ്രായരായിരിക്കെയാണ് അഞ്ചു പേരെയും പ്രതികള്‍ വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്.

ഇവരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്ത പ്രതികള്‍ മദ്യനിർമാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കു മരുന്നും ഉപയോഗിക്കുകയും ചെയ്‌തെന്ന ആരോപണവും നേരിട്ടു. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികൾക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് സൽമാൻ രാജാവ് അനുമതി നൽകുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook