റിയാദ്: എന്റെ കിനാവ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ മാത്രമല്ല എന്റെ പെൺമക്കളുടെയും പുതു തലമുറയുടെയും സ്വപ്നങ്ങൾ യാഥാർഥ്യമായി. എന്റെ ജീവിതകാലത്ത് ഇത് കാണാം എന്ന് ഞാൻ കരുതിയതല്ല. തിരു ഗേഹങ്ങളുടെ സേവകനെ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. വിപ്ലവകരമായ മാറ്റത്തിന് കാഹളം മുഴക്കി സൗദി അറേബ്യയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള പ്രഖ്യാപനത്തോട് 56 വയസ്സ് പ്രായം വരുന്ന ഹൈഫ അൽ ഖജ്രി എന്ന സ്വദേശി വനിതയുടെ പ്രതികരണം ഇങ്ങനെ.

ചൊവ്വാഴ്ച രാത്രിയിൽ പ്രഖ്യാപനം വന്നിട്ടും പലർക്കും വിശ്വസിക്കാനായില്ല.വാർത്ത ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ രാജാവിന് അഭിന്ദനപ്രവാഹം ഒഴുകി. സൗദി അറേബ്യക്ക് പുറത്തുള്ള സൗദി വനിതകളും വിദേശത്ത് നിന്ന് സൽമാൻ രാജാവിനെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിൽ നിന്നും ഞാൻ കേട്ട ഏറ്റവും ആഹ്ലാദകരമായ വാർത്തയാണിത്. രാജാവിന് നന്ദി. നിസംശയം ഈ തീരുമാനം സൗദി അറേബ്യയിലെ വനിതകൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാകും-സൗദി വിദ്യാർഥിനി ഖുലൂദ്‌ അമ്മാറിന്റേതാണ് ഈ വാക്കുകൾ.

ഡ്രൈവറെയോ ടാക്സിയെയോ ആശ്രയിക്കാതെ ജോലിക്ക് പോകാൻ കഴിയുമെന്നത് ആശ്വാസകരമായ വാർത്തയാണ്. ഇത് വഴി ശരാശരി 1500 സൗദി റിയാൽ ഏറ്റവും കുറഞ്ഞത് മിച്ചം വയ്ക്കാനാകുമെന്ന് സൗദി വനിത സ്വദേശി ശുറൂക് ഹംറാൻ പറയുന്നു. ആറ് ലക്ഷത്തോളം വിദേശ ഡ്രൈവർമാരാണ് സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ മേഖലയിൽ ജോലി ചെയ്യുന്നുന്നത്. പുതിയ തീരുമാനം ഈ മേഖലയിലെ തൊഴിലവസരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ ഹൗസ് ഡ്രൈവർമാർ.

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സ്വദേശി കുടുംബങ്ങളിൽ പോലും വിദേശ ഡ്രൈവർമാരുണ്ട്. പലപ്പോഴും ശമ്പളം പോലും നൽകാനാവാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. തീരുമാനം രാജ്യത്തെ പൗരന്മാർക്കും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്കും അഭിവൃദ്ധിയുണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ