റിയാദ്: സാമ്പത്തിക-വാണിജ്യ രംഗങ്ങളിലെന്ന പോലെ തന്നെ വിനോദ സാംസ്കാരിക രംഗങ്ങളിലും സൗദിയിൽ വസന്തകാലം. സൗദിയിലെ വിനോദ രംഗത്തെ ഇളക്കിമറിച്ചു കൊണ്ട് കഴിഞ്ഞ വാരത്തിലാണ് മുപ്പത്തി അഞ്ചു കൊല്ലത്തെ വിലക്കിന് ശേഷം ഒരു സിനിമ തിയേറ്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുൻപായി റിയാദിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ ഖിദ്ദിയയില്‍ 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ വിനോദ വാണിജ്യ നഗരം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സൽമാൻ രാജാവ് ബുധനാഴ്ച നിര്‍വഹിക്കാനിരുന്ന “ഖിദ്ദിയ എന്റർടെയ്ന്‍മെന്റ് സിറ്റി” യുടെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ചത്തേക്ക് മാറ്റിയതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. “ഡിസ്‌നിലാന്റിനു സൗദിയുടെ മറുപടി” എന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈ സ്വപ്നപദ്ധതി അറിയപ്പെടുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോക വിനോദനഗര ഭൂപടത്തിൽ ഖിദ്ദിയ പ്രത്യേകം സ്ഥാനം കണ്ടെത്തുമെന്നാണ് കരുതുന്നത്.

ഡിസ്‌നിലാന്റിനേക്കാള്‍ പതിന്മടങ്ങ് വലിപ്പത്തില്‍ ഒരുങ്ങുന്ന വിസ്മയ നഗരത്തില്‍ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ് സൗകര്യങ്ങള്‍, സഫാരി എരിയകള്‍ എന്നിവയായിരിക്കും പ്രധാന ആകര്‍ഷണങ്ങള്‍. സൗദിയുടെ സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ക്ക് ഊർജം പകരാന്‍ ഇത്തരം ഗിഗാ പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണം കൊണ്ടേ സാധിക്കൂ എന്ന് ഖിദ്ദിയ പ്രോജക്ട് ഓഫീസര്‍ ആയ ഫഹദ് ബിന്‍ അബ്ദുള്ള തൗന്‍സി വാര്‍ത്താകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

സൗദിയിലെ “സിലിക്കോണ്‍ വാലി” എന്നറിയപ്പെടുന്ന നഗര സമുച്ചയമായ നിയോം പ്രൊജക്റ്റ് , റെഡ് സീ പ്രൊജക്റ്റ് എന്നിവ പോലെ കോടിക്കണക്കിനു ബില്യന്‍ ഡോളറുകള്‍ മുതല്‍ മുടക്കുള്ള “ഖിദ്ദിയ എന്റർടെയ്ന്‍മെന്റ് സിറ്റി”യില്‍ വന്‍തോതില്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുണ്ട്. സൗദിയുടെ എണ്ണയിതര വരുമാനങ്ങളില്‍ ഖിദ്ദിയ മുഖ്യ പങ്കുവഹിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്കില്‍ റെയ്നിന്‍ഗര്‍ വ്യക്തമാക്കി.

നിലവില്‍ ഇത്തരം വിനോദങ്ങള്‍ക്കും സിനിമകള്‍ക്കുമായി യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന സൗദി വിനോദസഞ്ചാരികൾ ചെലവാക്കുന്ന കോടിക്കണക്കിനു ഡോളർ സൗദിയില്‍ തന്നെ ചെലവഴിക്കപ്പെടുമെന്നും സാമ്പത്തിക വിദഗ്‌ധര്‍ കരുതുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത: സിജിൻ കൂവള്ളൂർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ