റിയാദ്: അഭ്യൂഹങ്ങൾക്കൊടുവിൽ സൗദിയില്‍ പ്രാബല്യത്തില്‍വന്ന ആശ്രിത ലെവി കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസികള്‍ക്ക് കനത്ത ബാധ്യത. പ്രതിമാസം 100 റിയാല്‍ വീതമാണ് ലെവിയായി ധനമന്ത്രാലയം ചുമത്തിയത്. ഇത് ഇഖാമ പുതുക്കുമ്പോള്‍ ഒരുവര്‍ഷത്തേക്ക് ഒരുമിച്ച് നല്‍കണം. ആശ്രിതര്‍ക്ക് റീ എന്‍ട്രി വിസ ലഭിക്കാനും ലെവി അടയ്ക്കണം. ഇതോടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് കുടുംബത്തെ സൗദിയില്‍ നിലനിര്‍ത്തുക പ്രയാസകരമായി.

ജൂലൈ ഒന്നുമുതല്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന എല്ലാവരും ലെവി അടച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഒരോ കുടുംബാംഗത്തിനും ഈ വര്‍ഷം 1200 റിയാല്‍ എന്ന തോതില്‍ നല്‍കണം. ആശ്രിത ലെവി അടുത്തവര്‍ഷം ജൂലൈ മുതല്‍ പ്രതിമാസം 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം 2018ല്‍ ആശ്രിതരില്‍ ഓരോരുത്തര്‍ക്കും 2400 റിയാലും 2019ല്‍ 3600 റിയാലും 2020ല്‍ 4800 റിയാലും ഇഖാമ പുതുക്കുമ്പോള്‍ അടയ്ക്കേണ്ടിവരും.

റീ എന്‍ട്രി വിസയോടൊപ്പം ലെവി അടയ്ക്കാനായി ബാങ്കുകളിലെ സദാദ് ഓണ്‍ലൈന്‍ സിസ്റ്റത്തിലും സാംബ ഓണ്‍ലൈനിലും സംവിധാനം തുടങ്ങി. ഇഖാമ നമ്പറും കാലാവധി തീയതിയും നല്‍കിയാല്‍ എത്ര തുകയാണ് ലെവി ഇനത്തില്‍ അടയ്ക്കേണ്ടതെന്ന് കാണിക്കും. ഈ തുക അടച്ച ശേഷമേ അബശിര്‍ വൈബ് സൈറ്റില്‍നിന്ന് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാനാകൂ. ലെവിയില്ലാതെ റീ എന്‍ട്രി ഫീ മാത്രം അടച്ചാല്‍ അബ്ശിര്‍ സൈറ്റില്‍ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമാണ് ലഭിക്കുക.

ആശ്രിത ലെവി ഫൈനല്‍ എക്സിറ്റിനും ബാധകമാണെന്നാണ് വിവരം. ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ വിസ ഇഷ്യു ചെയ്ത ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി അടച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ സ്കൂളുകളിലെ പരീക്ഷ അവസാനിച്ചാല്‍ ഒട്ടനവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫൈനല്‍ എക്സിറ്റായതിനാല്‍ ഇവരും അതുപ്രകാരമുള്ള ലെവി നല്‍കേണ്ടിവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook