റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ റമസാൻ മാസത്തിലെ ഉംറ തീർഥാടനത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്ന് സൗദി ഭരണകൂടം അറിയിച്ചു.
മൂന്ന് വിഭാഗം ആളുകളെയാണ് രോഗ പ്രതിരോധ ശേഷിയുള്ളവരായി കണക്കാക്കുന്നതെന്ന് സൗദിയിലെ ഹജ്, ഉംറ വകുപ്പ് പറഞ്ഞു. അവർക്കായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച പൂർത്തിയാക്കിയവർ, മുൻപ് രോഗം വന്ന് ഭേദമായവർ എന്നിവരാണ് അനുമതി ലഭിക്കുന്ന മൂന്നു വിഭാഗം ആളുകള്‍.
റമസാൻ മാസം മക്കയിൽ പ്രാർത്ഥന നടത്താനും ഉംറ ചെയ്യാനും ഇവർക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളൂവെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. മദീനയിൽ പ്രവേശിക്കുന്നതിനും ഈ നിബന്ധനകൾ ബാധകമാണ്.
ഇന്ത്യയിൽ നിന്നുൾപ്പടെ നിരവധി തീർത്ഥാടകരാണ് റമസാൻ മാസത്തിൽ ഉംറ ചടങ്ങുകൾ നിർവ്വഹിക്കുന്നത്. പുതിയ നിയന്ത്രങ്ങൾ ഇത്തവണത്തെ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയേക്കാം. കോവിഡ് കാരണം കഴിഞ്ഞ വർഷം ഉംറ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒരു ദിവസം ആറായിരം പേര്‍ക്ക് മാത്രമാണ് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതിയുണ്ടായിരുന്നത്.