Omicron in Saudi Arabia: റിയാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ ആളെയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള എസ്പിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിച്ചയാളെയും സമ്പര്‍ക്കമുണ്ടായവരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Also Read: ആശങ്ക ഉയർത്തി ഒമിക്രോൺ; പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
പുതിയ സാഹചര്യത്തില്‍, വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. യാത്രക്കാരോട് ഐസൊലേഷന്‍, പരിശോധനാ ചട്ടങ്ങള്‍ പാലിക്കാന്‍ സൗദി നിര്‍ദേശിച്ചു.
കോവിഡ് കേസുകള്‍ കൂടുതലുള്ള ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 24നാണ് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടൈത്തിയത്. തുടര്‍ന്ന് ഒരു ഡസനിലേറെ രാജ്യങ്ങളിലേക്കു വ്യാപിച്ചു. മലാവി, സാംബിയ, മഡഗസ്ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കിയിരുന്നു.
Also Read: ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ?
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോണ്‍ ബാധിച്ച് നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ ശേഷിയെ വൈറസ് മറികടക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു.
Also Read: ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ