റിയാദ്: സൗദി അറേബ്യയിൽ നിന്ന് വൻ തോതിൽ എൻആർഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് പണം ഒഴുകിയതായി റിപ്പോർട്ട്. വലിയ തുക അക്കൗണ്ടിലേക്ക് അയച്ച ഇന്ത്യക്കാർക്ക് ഇതിനുള്ള വരുമാന ഉറവിടമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗദി വാണിജ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു. ഇതിനെ തുടർന്നാണ് സൗദി വാണിജ്യമന്ത്രാലയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ 2000 ഇന്ത്യക്കാരുടെ വരുമാനം ഉറവിടം അന്വേഷിക്കുന്നത്.

ഡയറക്ടറേറ്റ് കൈമാറിയ പട്ടികയിലുള്ളവരെ കുറിച്ച് അന്വേഷണം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാൽ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് മന്ത്രാലയത്തിന് കൈമാറിയത്. ഇത്തരം അക്കൗണ്ടുകൾ ഇന്ത്യൻ ധനകാര്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടപാടുകളിൽ വ്യക്തത വരുത്താനാണ് സാമ്പത്തിക ഇടപാട് നടത്തിയവരുടെ ഉറവിടം അറിയാൻ ബന്ധപ്പെട്ട രാജ്യങ്ങളുടെ സഹായം തേടുന്നത്.

ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ച് വാണിജ്യ മന്ത്രാലയം ഇത്തരക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് നോട്ടീസ് അയച്ചു തുടങ്ങി. സാമ്പത്തിക കുറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ സൗദിയുടെ നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ ഇവരെ ഇന്ത്യക്ക് കൈമാറുകയുള്ളൂ എന്നും സർക്കുലറിൽ പറയുന്നു. അന്വേഷണത്തിൽ ഇത്തരം അനധികൃത ഇടപാടിൽ സ്വദേശികളുടെ പങ്ക് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടാകും.

‘ഹിജ്റ: ഒരു സമകാലിക വായന’ സിമ്പോസിയം ഒക്ടോബര്‍ 21ന് ജിദ്ദയില്‍
ജിദ്ദ: പ്രവാചക ചരിത്രത്തിലെ ത്യാഗോജ്ജ്വല സംഭവ വികാസങ്ങളില്‍ ഏറെ നിർണായകമായ ഹിജ്റയുടെ വിവിധ വശങ്ങളെ സംബന്ധിച്ച വൈജ്ഞാനിക ചര്‍ച്ചക്ക് കളമൊരുക്കി ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ അലുംനി അസോസിയേഷന്റ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സിമ്പോസിയം ഈ മാസം 21ന് ശനിയാഴ്ച ജിദ്ദയില്‍ നടക്കും.

ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയ്യിലെ അറയാന്‍ ഓഡിറ്റോറിയത്തില്‍ രാത്രി 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഇസ്ലാമിക കലാലയങ്ങളായ ജാമിഅഃ സലഫിയ്യ പുളിക്കല്‍, സഅദിയ്യ അറബിക് കോളേജ് കാസർഗോഡ്, അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ ശാന്തപുരം, ജാമിഅഃ ദാറുസ്സലാം ഉമറാബാദ്, ദാറുല്‍ ഹുദാ ചെമ്മാട്, അസ്ഹറുല്‍ ഉലൂം ആലുവ എന്നിവിടങ്ങളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പ്രഗത്ഭര്‍ സംബന്ധിക്കും.

പരിപാടിയില്‍ ശാന്തപുരം അല്‍ ജാമിഅഃ പൂർവ വിദ്യാർഥി ഉമറുല്‍ ഫാറൂഖ് വിഷയമവതരിപ്പിക്കും. മറ്റു വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ശിഹാബ് സലഫി (ഹിജ്റയുടെ സമകാലികത), മുസ്തഫ സഅദി (ഹിജ്റ: പാരസ്പര്യത്തിന്റെ പാഠങ്ങള്‍), അബ്ദുറഹിമാന്‍ ഉമരി (ഹിജ്റയുടെ ഫലങ്ങള്‍), നജ്മുദ്ദീന്‍ ഹുദവി (ഹിജ്റയുടെ മർമം), അബ്ദുസ്സുബ്ഹാന്‍ (ഹിജ്റ: സന്ദശേവും പാഠവും) എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പഠനാര്‍ഹമായ അവതരണങ്ങള്‍ നടക്കും. ചടങ്ങില്‍ സി.കെ.നജീബ് സമാപന പ്രസംഗം നിർവഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook