റിയാദ്: ചൂടില്‍നിന്നു കടുത്ത തണുപ്പിലേക്കു മാറുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ചികിത്സ തേടിയതു നിരവധി പേര്‍. പ്രധാനമായും ആസ്തമ, അലര്‍ജി രോഗികളാണു ചികിത്സ തേടി ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തിയത്.
കാലാവസ്ഥാ മാറ്റമറിയിച്ച് ഞായറാഴ്ച രാത്രി മുതലുണ്ടായ ചെറിയ മഴയും നേരിയ പൊടിക്കാറ്റും ശ്വാസകോശ രോഗമുള്ളവരെ ഗുരുതരമായി ബാധിച്ചു. റിയാദ് പരിസരങ്ങളില്‍ മാത്രം ആയിരത്തിലധികം പേരാണു ശ്വാസതടവുമായി ഡോക്ടര്‍മാരെ സമീപിച്ചത്. കാലാവസ്ഥാ മാറ്റസമയത്തുണ്ടാകുന്ന പൊടിക്കാറ്റില്‍നിന്നുള്ള അലര്‍ജിയും ചെറുമഴയില്‍ ഓക്‌സിജന്റെ ലഭ്യത കുറയുന്നതുമാണു മിക്കവരെയും കുഴക്കിയത്.
ആസ്തമയുമായി ബന്ധപ്പെട്ട് മരുന്ന് കഴിക്കുന്നവരും മുന്‍പ് കഴിച്ചിരുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും നേരിയതോതില്‍ പോലും ചെറിയ അസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സന്ദര്‍ശകരായി സൗദിയിലെത്തുന്ന, ശ്വാസകോശ രോഗമുള്ളവര്‍ മുന്‍കൂട്ടി ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകള്‍ കരുതേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സൗദിയില്‍ ചൊവ്വാഴ്ച കനത്ത മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയാകെ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ്. ഈയാഴ്ച കൊടുങ്കാറ്റും കനത്ത മഴയുണ്ടായേക്കാമെന്നാണു പ്രവചനം.
യുഎഇയില്‍ ഇന്നു രാവിലെ കനത്ത മഴ പെയ്തു. പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. മഴയും കാറ്റും ശക്തമാകുമെന്ന പ്രവചത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.