റിയാദ്: സൗദി അറേബ്യയിൽ താമസ രേഖ പുതുക്കുന്നതിന് ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷൻ അനുസരിച്ചുള്ള യോഗ്യത സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പ്രാബല്യത്തിലായതോടെ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. ജോലി ചെയ്യുന്ന കമ്പനികൾ ഇഖാമ പുതുക്കാനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഇതിനകം തൊഴിലാളികൾക്ക് അറിയിപ്പ് നൽകി.

കാലാവധി അവസാനിക്കും മുമ്പ് പ്രൊഫഷണൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത തൊഴിലാളികൾക്ക് ഇഖാമ പുതുക്കാനാകില്ല. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നത് പിടിക്കപ്പെട്ടാൽ തൊഴിലുടമക്ക് പിഴ ചുമത്തുകയും ഓൺലൈൻ സേവനങ്ങൾ ഭാഗികമായി തടഞ്ഞു വയ്ക്കുകയും ചെയ്യും. കൃത്യ സമയത്ത് ഇഖാമ പുതുക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവരെ ഫൈനൽ എക്സിറ്റിൽ വിടുകയാണ് പല കമ്പനികളും ചെയ്യുന്നത്.

അക്കൗണ്ടന്റ്, കമ്പ്യൂട്ടർ പ്രോഗ്രാം, കസ്റ്റമർ അക്കൗണ്ടന്റ് തുടങ്ങി നൂറോളം പ്രൊഫഷണലുകൾക്കാണ് ഇഖാമ പുതുക്കുന്നതിന് യോഗ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി സമർപ്പിക്കാൻ മന്ത്രാലയം നിർദേശിച്ചത്. വ്യാജ സർട്ടിഫിക്കറ്റോ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നല്ലാത്ത സർട്ടിഫിക്കറ്റുകളോ സമർപ്പിച്ചാൽ താൽകാലികമായി രജിസ്‌ട്രേഷൻ നടപടി പൂർത്തിയാകുമെങ്കിലും നിശ്ചിത ദിവസങ്ങൾക്ക് ശേഷം വെരിഫിക്കേഷൻ ഏജൻസിയുടെ അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിച്ചത് വ്യാജ രേഖയാണെന്ന് റിപ്പോർട്ട് നൽകും. ഇതോടെ ഇഖാമയിലും പാസ്‌പോർട്ട് നമ്പരിലും ഈ വിവരം രേഖപ്പെടുത്തും. പിന്നീട് നിയമ നടപടികൾ നേരിടാതെ രാജ്യം വിടാനാകില്ല. തടവും പിഴയും പിന്നീട് സൗദിയിലേക്ക് പ്രവേശിക്കാനാകാത്ത വിധം നാട് കടത്തുകയും ചെയ്യും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook