റിയാദ്: ചരിത്രത്തിലാദ്യമായി സൗദി അറേബ്യ വനിതാ ദിനം ആഘോഷിച്ചു. ഫെബ്രുവരി ഒന്നിന് ആരംഭിച്ച ത്രിദിന സൗദി വനിതാദിനാഘോഷ പരിപാടികള്‍ മൂന്ന് ദിവസം നീണ്ടുനിന്നു. റിയാദിലെ കിങ് ഫഹദ് സാംസ്‌കാരിക കേന്ദ്രമാണ് പരിപാടി— സംഘടിപ്പിച്ചത്. കിങ് ഫഹദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ സര്‍വതോന്മുഖ മേഖലകളിലുമുള്ള സൗദി വനിതകളുടെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ സൗദി സാംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിനും മറ്റും വിലക്കുള്ള രാജ്യത്ത് പുതിയ നീക്കം ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ 2015ലെ 145 ലിംഗ അസമത്വ രാജ്യങ്ങളില്‍ 134ആം സ്ഥാനത്താണ് സൗദി അറേബ്യ.

വനിതകള്‍ക്കു വേണ്ടി മാത്രമുള്ള സംഗീത പരിപാടികളടക്കം നിരവധി പരിപാടികളാണ് അരങ്ങേറിയത്. സൗദി രാജകുമാരികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും നടന്നു. ഒന്നാംദിനത്തില്‍ വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ അല്‍ ജൗഹറ ബിന്‍ത് ഫഹദ് അല്‍ സൗദ് രാജകുമാരി വിഷയാവതരണം നടത്തി.

രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആദില ബിന്‍ത് അബ്ദുല്ല അല്‍ സൗദ് രാജകുമാരി രണ്ടാം ദിനത്തില്‍ സംസാരിച്ചു. വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യബോധവല്‍ക്കരണം നടത്തുകയും വനിതാ സംഘടനകളെ പിന്തുണക്കുകയും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്ത പ്രശസ്തയായ വ്യക്തിയാണ് ആദില രാജകുമാരി.

ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് വനിതാ വിഭാഗം അണ്ടര്‍ സെക്രട്ടറി റീമ ബിന്‍ത് ബന്‍ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയും സംവദിച്ചു. ശൂറ കൗണ്‍സില്‍ വനിതാ അംഗം കൗതര്‍ അല്‍ അര്‍ബാഷ്, സൗദി അഭിനേത്രി ലൈല അല്‍ സല്‍മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook