റിയാദ്: സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജനക്ഷേമ പദ്ധതികൾക്കും സാമ്പത്തിക വളർച്ചക്കും ഊന്നൽ നൽകുന്ന ബജറ്റ് പ്രഖ്യാപിച്ചു. 97,800 കോടി റിയാൽ ചെലവും 78,300 കോടി റിയാൽ വരവും 19,500 കോടി റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. ബജറ്റ് പ്രഖ്യാപനം ഡിസംബർ 19 ന് ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

വിദേശികൾ ഇതുപോലെ ജിജ്ഞാസയോടെ കാത്തിരുന്ന ഒരു ബജറ്റ് ഇതിന് മുമ്പുണ്ടായിട്ടില്ല. കുടുംബ ലെവിയും തൊഴിലാളികളുടെ ലെവിയും ഉൾപ്പടെയുള്ള സൗദിയിൽ പുതുതായി നിലവിൽ വന്ന ഫീസുകളിൽ മാറ്റമുണ്ടായേക്കാമെന്ന് പ്രതീക്ഷയാണതിന് കാരണം. എന്നാൽ ബജറ്റിൽ 14 ശതമാനം എണ്ണേതര വരുമാനമാണ് ലക്ഷ്യമിടുന്നത്. ഈ വരുമാനം പ്രധാനമായും ഖജനാവിലെത്തുക വിദേശികളിൽ നിന്നും ഈടാക്കുന്ന ലെവിയും, സർക്കാർ നൽകി വരുന്ന സബ്‌സിഡികൾ ഒഴിവാക്കലും വഴിയാണ്. അതിനാൽ നിലവിലുള്ള ഫീസുകളിലൊന്നും മാറ്റം ഉണ്ടാകില്ല.

2018 ജൂലൈ മാസം മുതൽ ഇരട്ടിയാക്കാൻ പോകുന്ന ആശ്രിത ലെവി മരവിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദേശ കുടുംബങ്ങൾ. എന്നാൽ ബജറ്റിൽ അങ്ങിനെ ഒരു നിർദേശം ഇല്ലാതെ വന്നതിനാൽ കുടുംബങ്ങൾ മടങ്ങി പോകേണ്ടി വരും. ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് വർഷം ലെവി മാത്രമായി 7200 സൗദി റിയാൽ ചെലവ് വരും. ഇതിനോടൊപ്പം വൈദ്യുതിക്കും പെട്രോളിനും വില ഉയരുന്നതും, വാറ്റ് വഴി മാസം അഞ്ച് ശതമാനം അധിക ചിലവ് വരുന്നതും തിരിച്ചടിയാണ്. ഇതിന് പുറമെ സ്‌കൂൾ ഫീസും കൂടിയാകുമ്പോൾ സാധാരണ ശമ്പളക്കാരന് കുടുംബത്തിനെ നാട്ടിലേക്ക് അയക്കുകയല്ലാതെ വഴിയുണ്ടാകില്ല. ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഉത്തരവിറങ്ങിയതോടെ വാണിജ്യ രംഗം വീണ്ടും പ്രതീക്ഷയിലാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ