റിയാദ്: ലോകത്തിന്റെ വികസന സ്പന്ദനങ്ങൾക്കൊപ്പം ചലിക്കാൻ സൗദി അറേബ്യ ഒരുങ്ങിക്കഴിഞ്ഞു. അരലക്ഷം കോടി ഡോളർ ചിലവിട്ട് “നിയോം” എന്ന ശീർഷകത്തിൽ മെഗാ സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലായിരുന്നു ചരിത്രപരമായ പ്രഖ്യാപനം.

സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന “അഖബ” തുറമുഖത്തിനടുത്ത് നടപ്പിലാകാൻ പോകുന്ന പദ്ധതിയിൽ സൗദിക്ക് പുറമേ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ ഭൂപ്രദേശവും ഉൾപ്പെടും. ഊർജം, ശുദ്ധജലം, ഗതാഗതം, സാങ്കേതിക വിദ്യ, ഭക്ഷ്യ വിഭവം, സയൻസ് ആന്റ് ഡിജിറ്റൽ ടെക്നോളജി, വ്യവസായം, മീഡിയ, വിനോദം, എന്നീ മേഖലകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുക. പദ്ധതി വഴി രാഷ്ട്രത്തിന്റെ വികസനവും സാധ്യമാക്കലും തൊഴിലവസരങ്ങളും സൃഷ്‌ടിക്കലുമാണ് ലക്ഷ്യം.

സൗദിക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വൻകരകളെ ബന്ധിപ്പിക്കുന്ന പ്രദേശത്ത് നിലവിൽ വരുന്ന പദ്ധതിയിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. പ്രഖ്യാപന പ്രഭാഷണത്തിനിടെ പഴയ ഒരു മൊബൈൽ ഫോണും ആധുനിക സ്മാർട്ട് ഫോണും കിരീടാവകാശി ഉയർത്തിക്കാട്ടി. മറ്റ് പദ്ധതികൾ പഴയ മൊബൈൽ പോലെയും “നിയോം” പദ്ധതി പുതിയ സ്മാർട്ട് ഫോൺ പോലെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ