റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിൽ സമ്പൂർണ സ്വദേശി വൽക്കരണം നടപ്പിലാക്കാൻ സൗദി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബുൽ ഖൈൽ വ്യാഴാഴ്ചയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നോ മാളുകളിൽ ഏതെങ്കിലും മേഖലകളിൽ വിദേശികൾക്ക് ജോലി ചെയ്യാനാകുമോ തുടങ്ങിയ കാര്യത്തിൽ മന്ത്രാലയത്തിന്റെ വിശദീകരണം ലഭ്യമല്ല.

അതേസമയം, അൽ ഖസീം പ്രവശ്യയിൽ മാളുകളിലെ കച്ചവട സ്ഥാപനങ്ങൾ പുതിയ ഹിജ്‌റ വർഷ പിറവിയോടെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ബുറൈദയിലെ തൊഴിൽ മന്ത്രാലയ ഓഫീസ് വ്യക്തമാക്കി. ഇതിനായി സജ്ജരാകാൻ ഷോപ്പിങ് മാളുകൾക്ക് മന്ത്രാലയ ഓഫിസ് നിർദേശം നൽകി. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളാണ് ഷോപ്പിങ് മാൾ മേഖലയിൽ ജോലി ചെയ്യുന്നത്.

ഷോപ്പിങ് മാളിനകത്തുള്ള ചെറുകിട സ്ഥാപനങ്ങളിലും വിദേശികളാണ് കൂടുതൽ ജോലി ചെയ്യുന്നത്. നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇന്ത്യക്കാരുൾപ്പടെ നിരവധി വിദേശികളുടെ ജോലി നഷ്ടമാകും. നിയമം എന്ന് മുതൽ നടപ്പിലാക്കുമെന്നും ഏതൊക്കെ മേഖലയിലാണ് സ്വദേശി വൽക്കരണമെന്നും അറിയാൻ ആശങ്കയോടെ കാത്തിരിക്കുകയാണ് വിദേശികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ