ദുബായ്: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഈ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കഴിഞ്ഞ ആഴ്ചകളിൽ കേസുകളിൽ ഉണ്ടായ വർധനവും കണക്കിലെടുത്താണ് നടപടി.
ഇന്ത്യ, ലെബനന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്താന്, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
അതേസമയം, സൗദിയിൽ ഇതുവരെ മങ്കിപോക്സ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേസുകൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ രാജ്യത്തുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ 4 ഉം ബിഎ 5 ഉം റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിലെ ഒരു പത്തൊൻപതുകാരിക്കും സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ഒരാളിലുമാണ് ഈ വകഭേദങ്ങൾ കണ്ടെത്തിയത്.