scorecardresearch
Latest News

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കോവിഷീല്‍ഡിനെ അംഗീകരിച്ച് സൗദി

ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു പ്രവേശം നല്‍കാന്‍ സൗദി തയാറെടുക്കാനിരിക്കെയാണു കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കോവിഷീല്‍ഡിനെ അംഗീകരിച്ച് സൗദി

റിയാദ്: ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനെ അംഗീകൃത കോവിഡ്-19 വാക്‌സിനായി അംഗീകരിച്ച് സൗദി അറേബ്യ. കോവിഷീല്‍ഡിന്റെ ഇരു ഡോസുകളും സ്വീകരിച്ചവര്‍ക്കു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിബന്ധനയില്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയും.

പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്ത് 14 ദിവസം ചെലവഴിച്ച, പൂര്‍ണ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്കും സൗദിയില്‍ പ്രവേശിക്കാം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം എല്ലാ സാഹചര്യങ്ങളിലും നിര്‍ബന്ധമാണ്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രമുഖ പങ്കുവഹിക്കുന്ന വാക്‌സിനാണ്. കോവിഷീല്‍ഡ് ഉള്‍പ്പെടെ ഒന്‍പത് കോവിഡ് വാക്‌സിനുകള്‍ക്കാണു സൗദി ഇതുവരെ അംഗീകാരം നല്‍കിയത്. ഫൈസര്‍ ബയോഎന്‍ടെക്, കൊമിര്‍നാറ്റി, ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക, എസ്‌കെ ബയോസയന്‍സ്, വാക്‌സെവ്‌റിയ, മൊഡേണ, സൈപ്ക്‌വാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണു മറ്റുള്ളവ.

Also Read: കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു പ്രവേശം നല്‍കാന്‍ സൗദി തയാറെടുക്കാനിരിക്കെയാണു കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍നിന്നു വരുന്നതോ സൗദിയിലെത്തുന്നതിനു 14 ദിവസം മുന്‍പ് ഇന്ത്യയില്‍ കൂടി കടന്നുപോകുന്നതോ ആയ യാത്രക്കാര്‍ക്ക് പ്രവേശനം സൗദി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ടൂറിസം വിസ ലഭ്യമാക്കിക്കൊണ്ട് 2019 സെപ്റ്റംബറിലാണ് സൗദി ആദ്യമായി രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. അന്നു മുതല്‍ 2020 മാര്‍ച്ച് വരെ നാല് ലക്ഷം വിസയാണ് നല്‍കിയത്. രാജ്യാന്തര യാത്രയ്ക്കുള്ള ആഗോള നിരോധനത്തിനു മുന്‍പ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രമായിരുന്നു സൗദിയെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യുടിടിസി) സാമ്പത്തിക ആഘാത റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi arabia approves covishield for travel