റിയാദ്: സൗദി അറേബ്യയിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം പതിനേഴ് മുതൽ ഒരു മാസത്തേയ്ക്കു കൂട്ടി നീട്ടിയതായി ഇന്ത്യൻ എംബസ്സി  അറിയിച്ചു. “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന ക്യാംപെയിനിന്റെ ഭാഗമായി മാർച്ചിൽ പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്ന് മാസമായിരുന്നു കാലാവധി. ജൂണിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടു ജൂലൈ വരെ നീട്ടി നൽകിയിരുന്നു. ഇപ്പോൾ വീണ്ടും ഒരു മാസം കൂടി നൽകുന്നത്.

മാർച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ജൂൺ 25 ന് അവസാനിച്ചിരുന്നു. പിന്നീട് ഒരു മാസം കൂടി നീട്ടി ജൂലൈ 23 വരെ സമയം അനുവദിച്ചു . എന്നാൽ സെപ്റ്റംബർ 17 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയതായി ഇന്ത്യൻ എംബസ്സി  കോൺസുലർ അനിൽ നൊട്ടിയാൽ അറിയിച്ചു. അനുവദിച്ച സമയത്ത് നടപടിക്രമങ്ങൾ പൂർത്തിയാകാനാവാതെ രാജ്യത്ത് കുടുങ്ങിയ നിയമലംഘകർക്ക് വലിയ ആശ്വാസം പകരുന്നതാണ് പൊതുമാപ്പ് നീട്ടി നൽകാനുള്ള തീരുമാനം.

പൊതുമാപ്പ് അവസാനിച്ചിട്ടും ആയിരക്കണക്കിന് വിദേശികൾ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടായിരുന്നു. അത്തരക്കാർക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിൽ ഇന്ത്യക്കാരും വിശിഷ്യാ മലയാളികളും കുറവല്ല. എന്നാൽ എത്ര ഇന്ത്യക്കാർ രാജ്യത്ത് അനധികൃതമായി തങ്ങുന്നുണ്ട് എന്ന കൃത്യമായ കണക്കില്ല. കാലാവധി കഴിഞ്ഞിട്ടും താമസ രേഖ പുതുക്കാൻ കഴിയാതെ കുടുങ്ങിയവരും. സന്ദർശക വിസയിലെത്തി സമയത്തിന് മുമ്പ് നാട്ടിൽ പോകാതെ നിയമ കുരുക്കിൽ പെട്ടവരും പുതിയ പൊതുമാപ്പിന്റെ നിബന്ധനകൾ അറിയാൻ ഇന്ത്യൻ എംബസ്സിയുടെ മാർഗ്ഗ നിർദേശത്തിനായി കാതോർക്കുകയാണ്.

എംബസ്സിയുടെ നിർദേശം വന്നാൽ ഇനിയും അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളായ സാമൂഹ്യ പ്രവർത്തകരും സംഘടനകളും. വിവിധ കാരണങ്ങളാൽ നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികൾ പെരുകിയതാണ് “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ ക്യാമ്പയിൻ ആരംഭിക്കാനുള്ള പ്രധാന കാരണം. ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, ഇഖാമയില്ലാത്തവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ തുടങ്ങി അനധികൃതമായി സൗദി അറേബ്യയിൽ തുടരുന്ന വിദേശികള്‍ക്ക് മൂന്ന് മാസക്കാലയളവില്‍ തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാനുളള സുവർണ്ണാവസരമായിരുന്നു ആദ്യം നൽകിയത്. പിന്നീട് ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. ഇപ്പോൾ വീണ്ടും ഒരു മാസം കൂടി അനുവദിച്ചതായി എംബസി അറിയിച്ചു.

അതെ സമയം ക്രിമിനല്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കില്ല. പൊതുമാപ്പ് പ്രയോചനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികൾക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ നിയമ തടസ്സമുണ്ടാകില്ല എന്ന പ്രതേകത കൂടിയുണ്ട് ഈ കാമ്പയിന്. ഇപ്പോൾ അനുവദിച്ച കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കും. അനുവദിച്ച സമയവും ഉപയോഗപ്പെടുത്താതെ സൗദിയില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കും.
വാർത്ത : നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ