റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തിൽ മാർച്ച് 19 ന് സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ പകുതിയോടെ അവസാനിക്കും. അനധികൃതർക്ക് നിയമപരമായി നാടണയാൻ ഇത് അവസാന അവസരമാണെന്നും നഷ്‌ടപ്പെടുത്തരുതെന്നും എംബസി ഓർമപ്പെടുത്തി. ഈ മാസം 17 ന് അവസാനിച്ച പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചതായി റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു.

പൊതുമാപ്പ് ഇതുവരെ ഉപയോഗപ്പെടുത്തിയത് 32,830 നിയമലംഘകരാണ്. അതേസമയം മാർച്ച് 19 നു ശേഷം നിയമ ലംഘകരായവർക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താനാവില്ല. ഈ അവസരങ്ങളൊന്നും ഉപയോഗപ്പെടുത്താതെ ഇനിയും രാജ്യത്ത് അനധികൃതരായി ഇന്ത്യക്കാർ തങ്ങുന്നുണ്ട്. എന്നാൽ ഇത്തരക്കാരുടെ കൃത്യമായ കണക്ക് എംബസിയിലില്ല. സൗദിയുടെ പ്രധാന നഗരങ്ങളിലെല്ലാം അവസരം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാർ കൂടുതലുള്ള നഗരങ്ങളിൽ പ്രത്യേക സേവന കേന്ദ്രങ്ങൾ തന്നെ തുറന്നു. സാമൂഹ്യ പ്രവർത്തകരും മാധ്യമങ്ങളും വലിയ രീതിയിൽ നിയമ ലംഘകരോട് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തി. സന്നദ്ധ-രാഷ്ട്രീയ സംഘടനകൾ പ്രത്യേക ഹെൽപ് ഡെസ്കുകളും എംബസിയിലെത്തുന്നവരെ സഹായിക്കാൻ ഗൈഡുകളെയും നിയമിച്ചു.

പൊതുമാപ്പ് നീട്ടി നൽകിയെന്ന് എംബസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇനിയും അനധികൃതമായി രാജ്യത്ത് ഇന്ത്യക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സാമൂഹ്യ പ്രവർത്തകർ പുനഃരാരംഭിച്ചു. വിവിധ കാരണങ്ങളാൽ നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികൾ പെരുകിയതാണ് “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന ക്യാമ്പയിൻ ആരംഭിക്കാനുള്ള പ്രധാന കാരണം. ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, ഇഖാമയില്ലാത്തവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ തുടങ്ങി അനധികൃതമായി സൗദി അറേബ്യയിൽ തുടരുന്ന വിദേശികള്‍ക്ക് ഈ മാസക്കാലയളവില്‍ തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാനുളള സുവർണാവസരമായിരുന്നു ആദ്യം നൽകിയത്. പിന്നീട് മൂന്ന് തവണയായി ഓരോ മാസത്തേക്ക് നീട്ടി നൽകുകയായിരുന്നു എന്നാൽ നവംബർ 15 ന് ഇത് അവസാനിക്കുമെന്നും ഇനി നീട്ടി നൽകില്ലെന്നും എംബസി അറിയിച്ചു.

ഒരു മാസം അധികം അനുവദിച്ചെങ്കിലും നിബന്ധനകളിലൊന്നും മാറ്റമുണ്ടാവില്ല. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയ നിരവധി പേരാണ് ഇതിനകം പുതിയ തൊഴിൽ വിസയിൽ തിരിച്ചെത്തിയത്. സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികൾക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ നിയമ തടസമുണ്ടാകില്ല എന്ന് മുൻകൂട്ടി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാന്‍ വിവിധ വകുപ്പുകൾ ഒന്നിച്ച് പരിശോധന കര്‍ശനമാക്കും. അനുവദിച്ച സമയവും ഉപയോഗപ്പെടുത്താതെ സൗദിയില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook