റിയാദ്: നിയമ ലംഘകരെ സഹായിക്കുന്നവർക്ക് പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം മൊബൈൽ സന്ദേശം വഴി അറിയിപ്പുകൾ നൽകി തുടങ്ങി. സൗദി അറേബ്യ നിയമ ലംഘകരില്ലാത്തവരുടെ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് 41 ദിവസം പിന്നിടുമ്പോഴാണ് പുതിയ മുന്നറിയിപ്പുമായി സൗദി ജവാസാത്ത് വിഭാഗം വിദേശികൾക്കും സ്വദേശികൾക്കും സന്ദേശം അയച്ച് തുടങ്ങിയത്.

അനധികൃതമായി സാധുവായ താമസ രേഖയില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് താമസസൗകര്യം നൽകുന്നവർ, ഇത്തരക്കാരെ തൊഴിലാളികളായി വയ്ക്കുന്ന തൊഴിലുടമകൾ, വാഹനങ്ങളിൽ ഒന്നിച്ച് യാത്ര ചെയ്യുന്നവർ തുടങ്ങി ഏതെങ്കിലും രീതിയിൽ സംരക്ഷണം നൽകുകയോ അനധികൃതമായി രാജ്യത്ത് തങ്ങാൻ പ്രോത്സാഹിപ്പിക്കും വിധമുള്ള ശ്രമങ്ങളോ കണ്ടെത്തിയാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സന്ദേശത്തിൽ പറയുന്നു. ജൂൺ മാസം അവസാനവാരത്തോടെ അവസാനിക്കുന്ന പൊതുമാപ്പ് ഇതിനകം ആയിരക്കണക്കിന് വിദേശികളാണ് പ്രയോജനപ്പെടുത്തിയത്.

പിഴയോ ജയിലോ ഇല്ലാതെ രാജ്യത്തിന് പുറത്ത് കടക്കാനുള്ള അവസരം ഉപയോഗപ്പെടുത്താൻ സൗദി പാസ്പോർട്ട് സേവന കേന്ദ്രങ്ങൾക്ക് മുന്നിൽ ഇന്നും നീണ്ട വരികൾ ദൃശ്യമാണ്. ദിനേന 2000 പരം ആളുകളാണ് റിയാദിൽ നിന്ന് മാത്രം എക്സിറ്റ് വിസ നേടുന്നത്. 22000 ത്തോളം ഇന്ത്യക്കാരാണ് ഇതിനകം ഔട്ട് പാസ് നേടിയതായി ഇന്ത്യൻ എംബസി പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ കനത്ത പരിശോധനയുണ്ടാകുമെന്ന് സൗദി പാസ്സ്പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരായ അനധികൃത താമസക്കാർ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ അവസാന ദിവസത്തേക്കായി കാത്ത് നിൽക്കാതെ നിയമ നടപടികൾ പൂർത്തിയാക്കി ഔട്ട് പാസും എക്സിറ്റ് വിസയും നേടണമെന്ന് റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook