റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ഇന്ത്യൻ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി അഭ്യർഥിച്ചു. നിയമക്കുരുക്കിൽപെട്ടവർക്ക് സഹായം നൽകാൻ “വിനിയോഗിക്കൂ ഈ അവസരം” എന്ന തലവാചകത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു. റിയാദിന്റെ ഉൾ പ്രദേശങ്ങളിലുള്ള നിയമ ലംഘകരെ കണ്ടെത്താനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും റിയാദിലെ മുഴുവൻ ഒഐസിസി പ്രവർത്തകരെയും സജ്ജമാക്കുമെന്ന് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു.

ഇന്ത്യൻ എംബസ്സിയുമായി നിരന്തരം ബന്ധപ്പെട്ട് മാർഗ്ഗനിർദേശങ്ങൾ തേടി കൃത്യമായ വിവരങ്ങൾ അനധികൃത താമസക്കാരെ അറിയിക്കാനും അവർക്ക് സ്വദേശത്തേക്ക് മടങ്ങാനും ഡെസ്കിൽ സഹായം ലഭിക്കും. റിയാദിലെ പ്രമുഖരായ ജീവകാരുണ്യ പ്രവർത്തകരുടെ സേവനം ഡെസ്കിൽ ഉറപ്പ് വരുത്തും. ഒഐസിസി ജീവകാരുണ്യ കൺവീനർ സജാദ് ഖാന്റെ നേതൃത്വത്തിലായിരിക്കും ഡെസ്കിന്റെ പ്രവർത്തനം നടക്കുക. ഡസ്കിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാവുന്ന തരത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ