റിയാദ്: സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രാചാരണ ദൗത്യവുമായി ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് വടക്കുപടിഞ്ഞാറൻ സൗദി നഗരമായ ഹായിലിലെത്തി. ഹായിൽ ഗവർണർ അമീർ സഊദ് ബിൻ അബ്ദുൽ മുഹ്സിനുമായി കൂടിക്കാഴ്ച നടത്തും. “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തല വാചകത്തിൽ സൗദി അറേബ്യയിൽ മാർച്ച് 29 ന് ആരംഭിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിയമ ലംഘകരായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും കണ്ടെത്തി തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് എംബസി അധികൃതർ. മാധ്യമങ്ങളും, സാമൂഹ്യപ്രവർത്തകരും, സംഘടനകളും ഈ ദൗത്യത്തിൽ പങ്കാളികളാണ്.

ഹായിലിലെത്തിയ അംബാസഡർ സാമൂഹ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചു ചേർത്തു. പ്രചാരണ ദൗത്യത്തിൽ പങ്കാളികളാകണമെന്നും ഉൾ പ്രദേശങ്ങളിലും മറ്റും കഴിയുന്ന ഇന്ത്യക്കാരായ അനധികൃത താമസക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വേണ്ടി ശ്രമം തുടരണമെന്നും അംബാസഡർ ആവശ്യപ്പെട്ടു. അനുവദിച്ച അവധിക്ക് ശേഷം കനത്ത പൊലീസ് പരിശോധന ഉണ്ടാകുമെന്നും തടവും പിഴയും അനുഭവിക്കാതെ നാട്ടിലേക്ക് മടക്കം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

saudi arabia, amnesty

ഹായിലിൽ വിളിച്ചു ചേർത്ത സാമൂഹ്യ പ്രവർത്തകരോടൊപ്പം

അനധികൃതമായി രാജ്യത്ത് തങ്ങിയ കുറ്റത്തിന് ഒരു ഇന്ത്യക്കാരനും ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പ്രധാന നഗരങ്ങാളായ റിയാദ്, ദമാം, ജിദ്ദ ഉൾപ്പടെ 21 കേന്ദ്രങ്ങളിൽ എംബസിയുടെ സേവനങ്ങൾ ലഭ്യമാണ്. ഇതിനകം 22000 ത്തോളം ഔട്ട്പാസുകൾ വിതരണം ചെയ്തതായി കോൺസുലർ കമ്യൂണിറ്റി വെൽഫെയർ അനിൽ നോട്ടിയാൽ അറിയിച്ചു. പ്രചാരണ ദൗത്യവുമായി അടുത്ത ആഴ്ച അറാർ, സകാക, അൽ കുറയാത്ത് എന്നിവിടങ്ങളിൽ അംബാസഡറും സംഘവും സന്ദർശനം നടത്തുമെന്ന് എംബസി അധികൃതർ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ