റിയാദ്: സൗദി അറേബ്യയിൽ മാർച്ച് 29 ന് ആരംഭിച്ച പൊതുമാപ്പ് രണ്ടാഴ്ച പിന്നിടുമ്പോൾ എംബസികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളിൽ ലഭിച്ചത് 12000 അപേക്ഷകൾ. നടപടികൾ പൂർത്തിയാക്കി ഇതിനകം ഒൻപതിനായിരത്തോളം ഔട്ട്പാസുകൾ വിതരണം ചെയ്തു. രാജ്യത്ത് നിയമലംഘകരായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും എംബസിയെ സമീപിക്കണമെന്നും അവസാന സമയത്തേക്കായി കാത്ത് നിൽക്കാതെ ഉടൻ അപേക്ഷിച്ച് ഔട്ട്പാസ് നേടി രാജ്യം വിടണമെന്നും എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.

എംബസിയും, സാമൂഹ്യ പ്രവർത്തകരും, മാധ്യമങ്ങളും കൈ കോർത്ത് നടത്തിയ പ്രചാരണ ദൗത്യം ഫലം കണ്ടതിന്റെ സൂചനയാണ് രണ്ടാഴ്ചക്കകം 12000 അപേക്ഷകളെത്തിയത്. രാജ്യത്തിന്റെ ഇരുപത്തിയൊന്നോളം നഗരങ്ങളിൽ എംബസിയുടെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്, എല്ലാ കേന്ദ്രങ്ങളും എംബസിയുമായി ബന്ധിപ്പിച്ച് അപേക്ഷ നൽകുന്നവർക്ക് കാലതാമസമില്ലാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഔട്ട്പാസ് നൽകുന്നുണ്ട്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ ശക്തമായ പൊലീസ് പരിശോധന ഉണ്ടാകുമെന്നും പിടിക്കപെട്ടാൽ പിഴയും തടവ് ശിക്ഷയും അനുഭവിക്കാതെ നാടാണയൽ അസാധ്യമാകുമെന്നും എംബസി ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ കിഴക്കൻ പ്രാവശ്യയായ അൽ ഹസയിൽ അംബാസഡർ അഹമ്മദ് ജാവേദ് നേരിട്ടെത്തിയാണ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയത്. അൽ ഹസയിലെ സാമൂഹ്യ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും യോഗം വിളിച്ചു പ്രചാരണ ദൗത്യത്തിൽ പങ്കാളിയതിലുള്ള ആഹ്ലാദം പങ്കുവെച്ചു. അൽ ഹസ പോലുള്ള തോട്ടം മേഖലകളിൽ ഇനിയും അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുണ്ടെങ്കിൽ കണ്ടെത്തി അവസരം ഉപയോഗപ്പെടുത്താൻ അവരെ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ