സൗദി അറേബ്യ: തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് പൗരത്വം നല്‍കാന്‍ സൗദി അറേബ്യ. ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചില വ്യക്തികള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുത്തതായി പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചതെന്ന് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
എമിറേറ്റ് ഓഫ് മക്ക പ്രവിശ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം അറിയിച്ചത്. വെള്ളിയാഴ്ചത്തെ ഔദ്യോഗിക ഗസറ്റായ ‘ഉം അല്‍ ഖുറ’യില്‍ പ്രസിദ്ധീകരിച്ച തീരുമാനത്തില്‍ സൗദി പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ടിന്റെ ഭേദഗതിയും ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് സൗദി പൗരത്വം നല്‍കുമെന്നും തീരുമാനത്തില്‍ പറയുന്നു.
നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8 അനുസരിച്ച് പൗരത്വം നല്‍കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ആഭ്യന്തര മന്ത്രി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുന്ന സൗദി ദേശീയ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 28 ഇല്ലാതാക്കിയതിനാല്‍ ഇത് മുന്‍ ചട്ടങ്ങളില്‍ നിന്നുള്ള വലിയ മാറ്റമാണ്. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.