റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്ന വാർത്ത സ്ഥിരീകരിച്ചതോടെ സൗദിയിലെ ഇന്ത്യൻ സമൂഹം ആഹ്ലാദത്തിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഊഷ്‌മളമാകുന്നതിന്റെ ഗുണം സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയുടെ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലൂടെ രാജ്യം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സൗദിയും ഇന്ത്യയുമായുള്ള ബന്ധം ഊഷ്‌മളമാകുന്നത് ഇന്ത്യൻ നിക്ഷേപകർക്കും തൊഴിലാളികൾക്കും പുതിയ സാധ്യതകൾ ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

കിരീടാവകാശിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാന ബന്ധത്തിന്റെ നാഴികക്കല്ലാകുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. കിരീടാവകാശിയുടെ യാത്രാ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി അംബാസഡർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൗദിയിലെ ഉന്നതോദ്യോഗസ്ഥരും വ്യവസായികളും ഉൾപ്പെടുന്ന ഉന്നതതല സംഘം തന്നെ അമീർ മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

സൗദിയുടെ വടക്കൻ പ്രാവിശ്യയായ തബൂക്കിൽ ഈജിപ്തിന്റെയും ജോർദാനിന്റെയും അതിർത്തി പങ്കിട്ട് ഉയരുന്ന രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ‘നിയോം സിറ്റി’യിൽ ഇന്ത്യൻ നിക്ഷേപകർക്ക് വലിയ രീതിയിലുള്ള നിക്ഷേപ സാധ്യതകൾ തെളിയുന്നതിനും ഈ സൗഹൃദം പുതുക്കൽ കാരണമാകും. നിയോം ഉൾപ്പടെയുള്ള രാജ്യത്തുണ്ടാകുന്ന വലിയ പദ്ധതികൾ വഴി ദശ ലക്ഷക്കണക്കിന് തൊഴിൽ സാധ്യതകളാണ് സൃഷ്‌ടിക്കപ്പെടുന്നത്. സാധാരണ തൊഴിലാളികൾക്കും പ്രൊഫഷനലുകൾക്കും വലിയ രീതിയിൽ അവസരങ്ങളുണ്ടാകും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്നതോടെ കൂടുതൽ പരിഗണന ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം 19, 20 തീയതികളിലാണ് കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം. 19ന് ന്യൂഡൽഹിയിൽ എത്തുന്ന സൗദി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും. ഇരുകൂട്ടര്‍ക്കും പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകൾ നടക്കും.

തന്ത്രപ്രധാന രംഗങ്ങളില്‍ ഒരുമിച്ച് മുന്നേറാനുള്ള പുതിയ തീരുമാനങ്ങളുണ്ടാവും. പ്രതിരോധം, രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ ഭദ്രത എന്നീ മേഖലകളെ കുറിച്ചായിരിക്കും പ്രധാന ചർച്ചകളെല്ലാം.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook