റിയാദ്: അല്‍-ഹയര്‍, തലസ്ഥാന നഗരിയുടെ പരിധിക്കപ്പുറത്ത് അമ്പത് കിലോമീറ്റര്‍ അകലെയുള്ള ഈ ലെയ്ക്ക് പാര്‍ക്കിലേക്കു പ്രകൃതി ആസ്വാദകരുടെ ഒഴുക്കാണിപ്പോള്‍.

സ്വദേശികളും വിദേശികളും ഉള്‍പ്പടെ ആബാലവൃദ്ധം ജനങ്ങളാണു ജലധാരയാസ്വദിക്കാന്‍ ഇവിടെയെത്തുന്നത്. റിയാദ് സിറ്റി സെന്ററില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് പാര്‍ക്കിലേക്ക്.

കടല്‍ത്തിരമാല പോലെ, പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇരമ്പിയൊലിക്കുന്ന തടാകം സന്ദര്‍ശകര്‍ക്കു മനംകുളിര്‍ക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ഈറന്‍ കാറ്റേറ്റ് തടാക തീരത്ത് കളിപറഞ്ഞും ആഹാരം കഴിച്ചും ആസ്വദിക്കുകയാണു കുടുംബങ്ങളും കുട്ടികളും. ഈന്തപ്പഴവും ആവിപറക്കുന്ന അറബിക് ഗഹ്വയും കഴിച്ച്, തടാകക്കാറ്റ് കൊള്ളുന്ന ഗ്രാമീണരും ഇവിടുത്തെ മനോഹര കാഴ്ചകളിലൊന്നാണ്.

 Saudi tourism, സൗദി ടൂറിസം, Al Hair lake, അല്‍-ഹയര്‍  തടാകം, Al Hair lake park, അല്‍-ഹയര്‍ ലെയ്ക്ക് പാര്‍ക്ക്, അറേബ്യ, Saudi Arbia, Riyadh city centre, റിയാദ് സിറ്റി സെന്റർ, Wadi Hanifa, വാദി ഹനീഫ, Wadi Namar, വാദി നമാര്‍, Diriyah, ദിരിയ, IE Malayalam, ഐഇ മലയാളം

അസ്തമയ സമയത്ത് തടാകത്തിനു പൊന്നിന്‍ നിറമാണ്. വെള്ളക്കെട്ടിനു മുകളില്‍ അടുക്കുകള്‍ തീര്‍ക്കുന്ന മരുക്കാറ്റും ഏറെ ആസ്വാദ്യമാണ്. കൃത്രിമ ചെറുദ്വീപുകളും കനാലുകളും പ്രദേശത്തെ മനോഹരമാക്കുന്നു.

തടാകത്തില്‍ നീന്തുന്നതും മീന്‍ പിടിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പാര്‍ക്കിനക്കത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ അവധിക്കാലമായതിനാല്‍ പാര്‍ക്കും പരിസരവും സജീവമാണ്. വൈകിട്ട് മൂന്നോടെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങും. വാരാന്ത്യങ്ങളിലും, അവധിക്കാലമായതിനാല്‍ വാരാദ്യങ്ങളിലും സന്ദര്‍ശകരുണ്ട്. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ലെങ്കിലും സന്ദര്‍ശകവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പാര്‍ക്കിക്കിനകത്തുണ്ട് .

വാദി ഹനീഫ, വാദി നമാര്‍ പദ്ധതികള്‍ക്കു ശേഷമാണ് അല്‍ ഹയര്‍ തടാകം പൂര്‍ത്തിയാക്കിയത്. വാദി ഹനീഫയുടെ കരയിലാണു യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംനേടിയ ദിരിയ സ്ഥിതിചെയ്യുന്നത്. ദിരിയയും വാദി നമാറും റിയാദ് സീസണ്‍ ഉത്സവത്തിനു പ്രധാന വേദികളാണ്.

ഏറെ ശ്രദ്ധനേടിയ പ്രകൃതി പുനരധിവാസ പദ്ധതിയായിരുന്നു വാദി ഹനീഫ. 120 കിലോമീറ്ററോളം നീളുന്ന വാദി ഹനീഫ റിയാദ് നഗരത്തെ മുറിച്ചുകൊണ്ടാണു തെക്കു-വടക്കായി സ്ഥിതിചെയ്യുന്നത്. 1970-കളോടെ നഗരവികസനത്തോടൊപ്പം വാദിയില്‍ മാലിന്യം കുമിഞ്ഞു കൂടുകയായിരുന്നു. തുടര്‍ന്ന് പ്രകൃതിയുടെ പുനരധിവാസത്തിനായി 100 ദശലക്ഷം ഡോളര്‍ ചെലവേറിയ പദ്ധതിക്ക് അധികൃതര്‍ രൂപം നല്‍കി.

2010 മികച്ച രൂപകല്‍പ്പനയ്ക്കുള്ള ആഗാഖാന്‍ രാജ്യാന്തര പുരസ്‌കാരം നേടിയതോടെയാണു സൗദിയുടെ ഈ പദ്ധതികള്‍ ലോകശ്രദ്ധ നേടിയത്. അറബ് പൈതൃകം ചോര്‍ന്നുപോകാതെ പ്രകൃതിയോടിണങ്ങിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook