റിയാദ്: സൗദി എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബാഗേജുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജം. സൗദി അറേബ്യന്‍ വിമാനത്താവളങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ കാര്‍ഡ്‌ബോര്‍ഡ് കാര്‍ട്ടണ്‍ ബാഗേജുകള്‍ അനുവദിക്കില്ലെന്നും സാധാരണ രീതിയിലുള്ള പെട്ടികള്‍ മാത്രമേ അനുവദിക്കുകയുള്ളു എന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇത് സംബന്ധിച്ച് ഒരു സര്‍ക്കുലറുകളോ അറിയിപ്പുകളോ സൗദിയിലെ ഒരു വിമാനത്താവള അധികൃതരും ഇറക്കിയിരുന്നില്ല. എന്നാല്‍ റിയാദ് എയര്‍പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധിച്ച് വിശദമാക്കിക്കൊണ്ട് അറിയിപ്പ് ഇക്കഴിഞ്ഞ മേയ് 23 അവരുടെ ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത് പ്രകാരം തുണി കൊണ്ട് കെട്ടിയുണ്ടാക്കിയതും ഉരുണ്ടതും കയര്‍ കൊണ്ട് ബന്ധിച്ചതുമായ ബാഗേജുകള്‍ക്ക് മാത്രമാണ് നിരോധനം. കണ്‍വെയര്‍ ബെല്‍റ്റിലൂടെയുള്ള ബാഗേജ് നീക്കത്തിന് തടസ്സമായതിനാലാണ് ഇത്തരം ബാഗേജുകള്‍ നിരോധിച്ചത്. എന്നാല്‍ നിരപ്പായ പ്രതലമുള്ള കാര്‍ട്ടണ്‍ ഉപയോഗിക്കുന്നതിന് ഇതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങള്‍ ആണ് റിയാദ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ട്വിറ്റര്‍ സന്ദേശത്തിനെ വളച്ചൊടിച്ചാണ് ഇപ്പോഴുണ്ടായിട്ടുള്ള ഈ വ്യാജസന്ദേശങ്ങള്‍.

ഗള്‍ഫ് എയറിന്റെ ലോഗോ ഉപയോഗിച്ചാണ് ബാഗേജ് സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നാലെയാണ് ചില ശബ്‌ദ സന്ദേശങ്ങളും പരന്നത്. എന്നാല്‍ ഗള്‍ഫ് എയര്‍ അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഉരുണ്ടതും ഷേപ്പ് ഇല്ലാത്തതുമായ ബാഗേജുകള്‍ സ്വീകരിക്കില്ലെന്ന് മാത്രമാണ് ഗള്‍ഫ് എയര്‍ യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതിന്റെ കൂടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ സ്വീകരിക്കില്ലെന്നും സാധാരണ പെട്ടികള്‍ മാത്രമേ സ്വീകരിക്കൂ എന്നും ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook